മാതാപിതാക്കളെയും മകളെയും ഘട്ടം ഘട്ടമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ മലയാളികള്‍ മറന്ന് കാണില്ല. വഴിവിട്ട ബന്ധം തുടരാന്‍ സൗമ്യ തിരഞ്ഞെടുത്ത് സ്വന്തം കുടുംബത്തെ തന്നെ ഉന്‍മൂലനം ചെയ്യുകയെന്നതായിരുന്നു. ഛര്‍ദിയും വയറിളക്കവും മൂലമുള്ള മൂന്ന് അസ്വാഭാവിക മരണങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ ജനിപ്പിച്ച സംശയം കൊലപാതകത്തിന് പിന്നില്‍ സൗമ്യയാണെന്ന കണ്ടെത്തലിലേക്ക് നയിക്കുകയായിരുന്നു. ദുരൂഹത…നാടകീയത…കുറ്റസമ്മതം…ഒടുവില്‍ വിധിക്ക് കാത്തുനില്‍ക്കാതെ സ്വന്തം വിധിയെഴുതുകയായിരുന്നു പിണറായി കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി സൗമ്യ. കണ്ണൂര്‍ വനിതാ ജയിലില്‍ വിചാരണത്തടവുകാരിയായ സൗമ്യ ആത്മഹത്യചെയ്യുകയായിരുന്നു.
ഏറെ ചര്‍ച്ചയായിരുന്നു ഈ കൂട്ടക്കൊലപാതകം. ഇപ്പോഴിതാ കോഴിക്കോട് താമരശേരിയിലെ ആറ് പേരുടെ മരണവും ഇത്തരത്തിലുള്ളതാണെന്ന സൂചനയാണ് പുറത്തുവരുന്നത്. ഒരു കുടുംബത്തിലെ ആറ് പേര്‍ സാമനമായ രീതിയില്‍ മരിച്ച സംഭവത്തില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്നു പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു. കല്ലറ തുറക്കാന്‍ ജില്ല ഭരണകൂടം അനുമതിയും കൊടുത്തു. നാളെ കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കനത്ത പൊലീസ് കാവലിലാവും പരിശോധന.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. 2002ല്‍ കുഴഞ്ഞുവീണായിരുന്നു മരണം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുഴഞ്ഞ് വീണുതന്നെ ടോം തോമസും മരിക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം ടോം തോമസിന്റെ മകന്‍ റോയിയും പിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. ഇതിന് പിന്നാലെ ഷാജുവിന്റെ പത്ത് മാസം പ്രായമായ കുഞ്ഞും അതിന് ആറുമാസത്തിന് ശേഷം ഭാര്യ സിലിയും കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പെട്ടെന്ന് കുഴഞ്ഞ് വീണാണ് ഈ മരണങ്ങളില്‍ പലതും സംഭവിച്ചത്. അതിനാല്‍ തന്നെ ഹൃദയാഘാതം മൂലമായിരിക്കാം മരിച്ചത് എന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ ടോം തോമസിന്റെ രണ്ടാമത്ത മകന്‍ റോജോയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി പരാതി നല്‍കിയത്. മരിച്ച റോയിയുടെ വയറ്റില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായും പരാതിയില്‍ ആരോപണമുണ്ട്. പരാതി പരിശോധിച്ച പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ കൊലപാതക സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
കല്ലറ പൊളിച്ച് പരിശോധന നടത്തുന്നതിന് ക്രൈംബ്രാഞ്ച് സംഘത്തിന് പള്ളി അധികൃതരുടെ അനുമതി ലഭിച്ചു. മരിച്ച നാലുപേരെ കൂടത്തായി സെമിത്തേരിയിലും മറ്റ് രണ്ട് പേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ് സംസ്‌കരിച്ചത്. നാല് പേരുടെ മൃതദേഹം അടക്കിയ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് തുറന്ന് പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് കല്ലറ തുറന്ന് പരിശോധന നടത്തുക. മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്റെയും പല്ലിന്റെയും അവശിഷ്ടങ്ങളാണ് പരിശോധിക്കുക. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
ആവശ്യമെങ്കില്‍ മറ്റ് രണ്ട് പേരെ അടക്കം ചെയ്ത കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലും പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. സംഭവത്തില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ക്രൈബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
Post Your Comments