പാലാ: ഷിബു ബേബി ജോണിന്റെ ആരോപണം അടിസ്ഥാനരഹിതവും ഇലക്ഷന്‍ സ്റ്റണ്ടും ആണെന്ന് നിയുക്ത പാലാ എം എല്‍ എ മാണി സി കാപ്പന്‍ പറഞ്ഞു. എന്തുകൊണ്ട് ഇക്കാര്യം പാലാ ഉപതെരഞ്ഞെടുപ്പില്‍ ഉന്നയിച്ചില്ലെന്നു കാപ്പന്‍ ചോദിച്ചു.
മേഘാലയായില്‍ തനിക്കുണ്ടായിരുന്ന സ്ഥലത്തിന് പുറമേ കൂടുതല്‍ സ്ഥലം വാങ്ങി പാര്‍ട്ടിനറാകാന്‍ ദിനേശ് മേനോന്‍ എന്നയാള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ഇതു സംബന്ധിച്ചു കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനായി അഡ്വാന്‍സ് ഒരു കോടി 85 ലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് കച്ചവടം നടക്കാതെ പോയി. പലിശ സഹിതം മൂന്നരക്കോടി രൂപ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 25 ലക്ഷം തിരികെ നല്‍കി. ബാക്കി തുകയ്ക്ക് ചെക്കു നല്‍കി. സാമ്പത്തിക പ്രതിസന്ധിമൂലം തുക നല്‍കാനായില്ല. ഇതിനെതിരെ ദിനേശ് മേനോന്‍ മുംബൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യം തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിബിഐയില്‍ നിന്നാണെന്നു പറഞ്ഞ് തന്നെ നിയമവിരുദ്ധമായി ഫോണ്‍ ചെയ്ത എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ സി ബി ഐയ്ക്ക് പരാതി നല്‍കുകയും ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷം ആ ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഇവരെ ഒഴിവാക്കി കോടിയേരിയെയും മകനെയും ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളത്.
തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണ് പ്രചരിപ്പിക്കുന്നത്. അടിസ്ഥാന രഹിതമായ ഇക്കാര്യം സൃഹൃത്തുകൂടിയായ ഷിബു ബേബി ജോണ്‍ ഉന്നയിച്ചത് ഖേദകരമാണ്. അദ്ദേഹത്തെ ഫോണില്‍ വിളിച്ചു കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അസത്യ പ്രചാരണം നടത്തുന്നത് പൊതു പ്രവര്‍ത്തകര്‍ക്കു ഭൂഷണമല്ല. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മാണി സി കാപ്പന്‍ അറിയിച്ചു.
Post Your Comments