Devotional

നവരാത്രി ആഘോഷവും ഐതിഹ്യവും

ഭാരതീയര്‍ 64 ഭിന്നരൂപങ്ങളില്‍ വിവിധഭാവങ്ങളില്‍ ദേവിയെ ഉപാസിക്കുന്നു. ഒന്‍പതു പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുള്ള ഉത്സവമാണ് നവരാത്രി. അജ്ഞാനാന്ധകാരത്തില്‍ ജ്ഞാനത്തിന്‍ പ്രഭയും നിത്യമുക്തിയും പ്രദാനം ചെയ്തു തിന്മക്കുമേല്‍ നന്മയുടെ വിജയസൂചകമായി ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നവരാത്രി ആഘോഷിക്കുന്നത്

ആദ്യമൂന്നുദിവസങ്ങളില്‍ ദുര്‍ഗ്ഗയെയും (അഹംഭാവത്തിന്റെ ശുദ്ധികലശം) പിന്നീടുള്ള മൂന്നു ദിവസങ്ങളില്‍ ലക്ഷമിയേയും(നിഷേധ ശക്തികളെ ഇല്ലാതാക്കി സക്രിയചിന്തകളെ ഉള്ളില്‍ നിറയ്ക്കുന്നു) അവസാന മൂന്നുദിവസം സരസ്വതിയേയും(ആദ്യത്തെ രണ്ടു കടമ്പകള്‍ കഴിഞ്ഞാല്‍ യാതൊന്നുമെഴുതാത്ത ശ്വേതപുസ്തകതാളുപോലെ ശൂന്യമായ ഉള്‍ത്തളങ്ങളില്‍ ബുദ്ധിയുടെ വെളിച്ചത്തെ നിറയ്ക്കാന്‍ )ഉപാസിക്കുന്നു

ചിട്ടയായ വ്രതാനുഷ്ഠാനങ്ങളിലൂടെ ഹൃദയകമലം വിടരുന്നു, ആത്മീയചൈതന്യമുണരുന്നു. ഉപാസനാസാധനപാരായണങ്ങളിലൂടെ നേടിയെടുത്ത ആത്മീയചൈതന്യം വിജയദശമിയിലൂടെ ഈ ഭൂമിയില്‍ ജീവിച്ചു വിജയം വരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ദക്ഷിണേന്ത്യക്കാര്‍ മഹിഷാസുരവധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷിക്കുന്നതെങ്കില്‍ ഉത്തരേന്ത്യക്കാര്‍ കൂടുതലും ഭഗവാന്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ സന്തോഷസൂചകമായാണ് നവരാത്രി കൊണ്ടാടുന്നത്. രാവണന്റെ കൂറ്റന്‍പ്രതിമകള്‍ അമ്പയ്തു അഗ്‌നിക്കിരയാക്കുന്നു. ഇതു ദുഷ്ടശക്തികള്‍ക്കു മേലുള്ള നന്മയുടെ വിജയത്തെ കാണിക്കുന്നു.

ഉത്തരേന്ത്യക്കാര്‍ ചണ്ഡികാ ദേവിയെ പൂജിച്ചു വ്രതം നോക്കുന്നു. മുണ്ഡകോപനിഷദ് പാരായണം ചെയ്യുന്നു. ആരതിയും അലങ്കാരവും മധുരം പങ്കിടലും ഒക്കെയായി ആചരിക്കുന്ന വ്രതത്തിനു അഗ്‌നിഹോമത്തിലൂടെ പരിസമാപ്തിയാവുന്നു. തമിഴ്‌നാട്ടില്‍ മൈലാപൂരില്‍ നന്ദിക്ഷേത്രത്തില്‍ നവരാത്രി ദിനങ്ങളില്‍ അനേകം കുട്ടികള്‍ അരങ്ങേറ്റം കുറിക്കുന്നു

കൊട്ടാരക്കര വെട്ടിക്കവല മേജര്‍ മഹാദേവക്ഷേത്രത്തില്‍ നവരാത്രിക്കു മാത്രമേ ദേവി നടതുറക്കുകയുള്ളൂ. അന്നേ ദിവസങ്ങളില്‍ സരസ്വതീ മണ്ഡപത്തില്‍ നിരവധിപേര്‍ വിവിധ കലകളില്‍ ആരംഭം കുറിക്കുന്നു. നവരാത്രിയുടെ അവസാനദിവസം സിദ്ധിധാത്രിയെന്ന ദേവീ ഭാവം ഭക്തര്‍ക്ക് കഴിവുകളുംസിദ്ധിയും പ്രദാനം ചെയ്യുന്നു.

ഇതേ ദേവിയുടെ അനുഗ്രഹത്തിലാണ് മഹാദേവന് സര്‍വ്വസിദ്ധികളും ലഭിച്ചതെന്നും അതിനാല്‍ തന്റെ പാതി ദേവിക്കുനല്കി ഭഗവാന്‍ അര്‍ദ്ധനാരീശ്വരനുമായെന്നും പറയപ്പെടുന്നു. ഇത്തവണത്തെ നവരാത്രി ഉത്സവം സെപ്തംബര്‍ 29 നു തുടങ്ങി ഒക്ടോബര്‍ എട്ടിനു വിജയദശമിയോടുകൂടി അവസാനിക്കും. ഒക്ടോബര്‍ അഞ്ചിനാണ് പൂജവയ്പ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button