ന്യൂ ഡൽഹി : രാജ്യത്തെ ഇന്ധന വില ഉയർന്നു തന്നെ. മുംബൈയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. 80.21 രൂപയാണ് ഇന്നത്തെ വില. ഡീസൽ ലിറ്ററിനു 70.75 രൂപയാണ് വില. സംസ്ഥാനത്തും ഇന്ധന വില വർദ്ധിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയുമാണ് കൂടിയത്. ഇതിനനുസരിച്ച് കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോൾ വില 76.64 രൂപയിലും, ഡീസൽ വില 71.19 രൂപയിലുമെത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 78 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 72.57 രൂപയായി ഉയർന്നു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ യഥാക്രമം 76.97 രൂപയും 71.52 രൂപയുമാണ് വില .
സൗദിയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് രാജ്യാന്തര വിപണിയില്‍ ഇന്ധന വില കുതിച്ചുയരുന്നത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി സൗദി കുറച്ചിരുന്നു. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. എല്ലാമാസം ഇന്ത്യ സൗദിയിൽനിന്ന് 20 ലക്ഷം ടൺ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടൺ പാചകവാതകവുമാണ് വാങ്ങുന്നത്.
Post Your Comments