KeralaLatest NewsNews

ശബരിമല വിഷയത്തെ കുറിച്ച് മുൻ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ‌ണന്റെ ശ്രദ്ധേയമായ വെളിപ്പെടുത്തൽ

തിരുവനന്തപുരം : ശബരിമല വിഷയത്തെ കുറിച്ച് ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ‌ണൻ. ശബരിമല വിഷയമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 19 സീറ്റുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനം. ഞാനാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നു പ്രയാര്‍ ഗോപാലകൃഷ‌ണൻ പറയുന്നു. പക്ഷേ, എന്റെ പാര്‍ട്ടിയിലുളള ആരും അത് അംഗീകരിക്കാന്‍ തയാറല്ല. അവരവരുടെ മിടുക്ക് കൊണ്ടാണ് ജയിച്ചതെന്ന് എല്ലാവരും പറഞ്ഞ് നടക്കുകയാണ്. കോണ്‍ഗ്രസുകാരെല്ലാം ഒന്നിച്ച്‌ നിന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലൂടെ യു.ഡി.എഫിന് അധികാരത്തിൽ തിരിച്ചെത്താമെന്നും . അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ നിയമനിര്‍മ്മാണം ആയിരിക്കും സര്‍ക്കാര്‍ ആദ്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി അഭിഭാഷകനായ മനു അഭിഷേക് സിംഗ്വിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കേസിന്റെ തുടര്‍നടപടികള്‍ക്കായി അടുത്തയാഴ്ച ഡല്‍ഹിയിലേക്ക് പോകും. ശബരിമലയില്‍ വിധി പറഞ്ഞ ജഡ്ജി പതിനേഴാം തീയതി വിരമിക്കുകയാണ്. അതിനുമുൻപായി തന്നെ ചിലപ്പോള്‍ പുന:പരിശോധനാ ഹര്‍ജികളില്‍ വിധി വന്നേക്കാം. അല്ലെങ്കില്‍ ഏഴംഗ ബെഞ്ചിലേക്ക് പോകാനും സാധ്യതയുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ആവശ്യം. യുവതീ പ്രവേശനം പാടില്ലെന്ന് അഭ്യര്‍ത്ഥിച്ച്‌ ഒരു കോടി ആളുകള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഞാനും സുരേഷ് ഗോപിയും കെ.സി വേണുഗോപാലും ആ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് സുപ്രീംകോടതി 1955,56 വര്‍ഷങ്ങളില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പന്തളം കൊട്ടാരത്തില്‍ ആ ഉത്തരവിന്റെ കോപ്പിയുണ്ടാവും. എത്രയുംവേഗം ആ ഉത്തരവ് സുപ്രീംകോടതിക്ക് മുന്നിലെത്തിക്കാനുളള നടപടികള്‍ പന്തളം രാജകുടുംബം അഭിഭാഷകന്‍ വഴി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഈ മണ്ഡലകാലത്ത് യുവതികള്‍ ആരെങ്കിലും ശബരിമലയില്‍ പ്രവേശിച്ചാല്‍ അതിന് എതിരായി നില്‍ക്കുക എന്നത് എന്റെ ബാധ്യതയാണ്. എന്ത് പ്രത്യാഘാതം ഉണ്ടായാലും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണ്. കൊടിയും അടിയും വെടിയുമില്ലാത്ത സഹന സമരമായിരിക്കും നടത്തുകയെന്നും എന്നെ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുപോര് കാരണമാണ് തനിക്ക് ആ സീറ്റ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം ആരോപിക്കുന്നു. വട്ടിയൂര്‍ക്കാവ് സീറ്റ് തന്നാല്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഞാന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. പക്ഷേ, അവസാനം എല്ലാം ഗ്രൂപ്പുകളിയായി. വട്ടിയൂര്‍ക്കാവ് സീറ്റ് എനിക്ക് അങ്ങനെയാണ് കിട്ടാതെ പോയതെന്നും എന്നുകരുതി പാര്‍ട്ടിക്ക് എതിരായ നിലപാട് ഞാന്‍ ഒരുകാലത്തും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button