അബുദാബി : നീതുവിന്റെ സ്ഥിതി അതീവഗുരുതരം. അബുദാബി ആശുപത്രിയില്‍ നിന്ന് കേരളത്തിലേയ്ക്ക് മാറ്റാനായില്ല. വിമാനത്തില്‍ കയറാനുള്ള ആരോഗ്യസ്ഥിതിയില്ലെന്ന് അബുദാബിയിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഓട്ടോ ഇമ്യൂണ്‍ എന്‍സഫാലിറ്റീസ് എന്ന അപൂര്‍വ രോഗം ബാധിച്ച് അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നീതു. ആരോഗ്യസ്ഥിതി വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി നാളെ തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാനിരുന്ന യാത്ര മാറ്റിവച്ചു. വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതിയില്ലെന്നും പിന്നീട് എയര്‍ ആംബുലന്‍സില്‍ മാത്രമേ കൊണ്ടുപോകാവൂ എന്നും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കി.
ബുധനാഴ്ച രാത്രി മുതല്‍ പനിയും ഛര്‍ദിയും ശക്തമായതോടെ നീതുവിനെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണു നല്‍കുന്നത്. ഞായറാഴ്ച വരെ നിരീക്ഷിച്ച ശേഷമേ ഇനി യാത്രാനുമതി നല്‍കൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച യുഎഇയിലെത്തിയ വ്യവസായ മന്ത്രി ഇ.പി ജയരാജനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ആശുപത്രിയിലെത്തി നീതുവിനെ സന്ദര്‍ശിച്ച് സഹായിക്കാമെന്ന് ഉറപ്പുകൊടുത്തിരുന്നു. പിന്നീട് അറിയിപ്പ് ഒന്നുമുണ്ടായില്ലെന്നും കാത്തിരിക്കുകയാണെന്നും നീതുവിന്റെ അമ്മ ബിന്ദു പറഞ്ഞു.
സന്മനസുള്ളവര് ഇടപെട്ട് എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചു മകളുടെ ജീവന് രക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അരയ്ക്കു താഴെ തളര്‍ന്ന് അബോധാവസ്ഥയില്‍ കഴിയുന്ന നീതുവിന്റെ ദുരവസ്ഥ മാധ്യമങ്ങളാണ് പുറത്തെത്തിച്ചത്. ഇതേ തുടര്‍ന്ന് നിരവധി വ്യക്തികളും സംഘടനകളും സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിനോടകം 5 ലക്ഷത്തോളം രൂപ ഇവര്‍ക്ക് സഹായമായി ലഭിക്കുകയും ചെയ്തിരുന്നു. നോര്‍ക്ക വഴി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുകൊടുത്തതോടെ മറ്റു സഹായം നിലച്ചതായും ബിന്ദു സൂചിപ്പിച്ചു
ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ നിത്യജീവിതം വഴിമുട്ടിയപ്പോള്‍ 2 മക്കളെ തന്റെ അമ്മയെ ഏല്പിച്ച് അബുദാബിയില്‍ തൂപ്പുജോലിക്കെത്തിയതായിരുന്നു ബിന്ദു. 12 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ മകള്‍ നീതുവിനെ വിവാഹം ചെയ്തയച്ചു. തുടര്‍ന്ന് സന്ദര്‍ശക വീസയില്‍ അമ്മയെ കാണാനെത്തിയ നീതുവിനു പനിയും ഛര്‍ദിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും അപസ്മാരം മൂര്‍ച്ഛിച്ചതോടെ 27ന് ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
നിര്‍ത്താതെയുണ്ടാകുന്ന അപസ്മാരം മൂലം 4 മാസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അമേരിക്കയിലെ ബയോലാബില്‍ പരിശോധിച്ചപ്പോഴാണ് ഓട്ടോ ഇമ്മ്യൂണ്‍ എന്‍സഫാലിറ്റീസ് എന്ന അപൂര്‍വ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനോടകം തന്നെ 10 ലക്ഷത്തോളം രൂപയുടെ ചികിത്സാ ആശുപത്രി സൗജന്യമായാണ് ചെയ്തത്. ഇനിയും ഇവിടെ തുടരാനാവില്ലെന്ന് അറിയിച്ചതോടെയാണ് ബിന്ദു സമൂഹത്തിന്റെ സഹായം തേടിയതും ഇനി സംസ്ഥാന സര്‍ക്കാരിലാണു പ്രതീക്ഷയെന്നും മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Post Your Comments