തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചുമതല കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്നലെ ചേർന്ന കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതിയിലാണ് ഇക്കാര്യം തീരുമാനമായത്. മറ്റ് നേതാക്കളുമായി ആലോചിച്ച് ഇന്നോ, നാളെയോ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി അംഗീകരിപ്പിക്കണമെന്നാണ് നിർദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയം തുടരുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഉണ്ടാവണം. സ്ഥാനാര്‍ത്ഥി ജനങ്ങള്‍ക്ക് സ്വീകാര്യനാവണം. ഗ്രൂപ്പടിസ്ഥാനത്തില്‍ തീരുമാനിച്ച് അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും യോഗം വിലയിരുത്തി.
നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ, എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ഹൈക്കമാന്‍ഡിന്റെ അനുമതി വാങ്ങണം. കോന്നിയിൽ അടൂര്‍ പ്രകാശിന്റെ നോമിനി റോബിന്‍ പീറ്ററിനാണ് മുന്‍തൂക്കം. റോബിനല്ലെങ്കില്‍ പ്രചാരണത്തിനില്ലെന്ന നിലപാടിലാണ് അടൂര്‍ പ്രകാശ്. എ ഗ്രൂപ്പിന് അവകാശപ്പെട്ട അരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്. രാജേഷാണ് പരിഗണനയില്‍. എറണാകുളത്ത് ഹൈബി ഈഡന്റെ പിന്തുണയോടെ ടി.ജെ. വിനോദും മുതിര്‍ന്ന നേതാവ് കെ.വി. തോമസും രംഗത്തുണ്ട്.
Post Your Comments