പന്നി വേട്ടയ്ക്കിടെ പിതാവിനെ വെടിവച്ച് കൊന്നതിന് മകനെതിരെ നരഹത്യക്ക് കേസെടുത്തു. പോസ്റ്റിഗ്ലിയോണ്‍ എന്ന ഇറ്റാലിയന്‍ ഗ്രാമത്തിലെ കാടിനുള്ളിലായിരുന്നു സംഭവം. ഞായറാഴ്ച ഇരുവരും കാട്ടില്‍ കാട്ടുപന്നി വേട്ടയ്ക്കിറങ്ങിയതായിരുന്നു. എന്നാല്‍ മകന്റെ ലക്ഷ്യം പാളി വെടിയേറ്റത് പിതാവിന്. 55 കാരനായ മാര്‍ട്ടിനോ കോഡിയോസോവാണ് 34 കാരനായ മകന്റെ വെടിയേറ്റ് മരിച്ചത്.
അച്ഛന്‍ മലമുകളില്‍ നിന്ന് താഴേക്ക് തുരത്തിക്കൊണ്ടുവരണം, മകന്‍
താഴെ നിന്ന് മലമുകളിലേക്ക് കാടിളക്കും എന്നായിരുന്നു പദ്ധതി. പന്നികള്‍ രക്ഷപെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പൊന്തക്കാടുകളിലെ ഇളക്കം കണ്ട് പന്നിയാണെന്ന് തെറ്റിധരിച്ച് മകന്‍ നിറയൊഴിക്കുകയായിരുന്നു.
വേട്ടയാടല്‍ നിരോധിച്ചിരിക്കുന്ന ദേശീയ പാര്‍ക്ക് പ്രദേശത്താണ് ഇവര്‍ വേട്ടയ്ക്കിറങ്ങിയത്. അച്ഛന്റെ നിലവിളി കേട്ടപ്പോഴാണ് മകന് അബദ്ധം മനസിലായത്. അച്ഛന്റെ വയറ്റിലേക്ക് വെടിയുണ്ട തുളഞ്ഞു കയറി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. വേട്ടയാടല്‍ നിരോധിച്ചിരിക്കുന്ന മേഖലയായത് കൊണ്ട് അതിനുള്ള ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments