കൊച്ചി: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, എറണാകുളത്തെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. എറണാകുളം മണ്ഡലത്തിൽ മുൻ എംപി കെവി തോമസ് സീറ്റിനായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന സൂചനകൾക്കിടെ യുവ നേതാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. എറണാകുളം എംഎൽഎ ആയിരുന്ന ഹൈബി ഈഡൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഹൈബി ഈഡന്റെ പിൻഗാമിയായി വരുന്നതും ഒരു യുവ എംഎൽഎ തന്നെയാവണമെന്നും,അധികാരത്തിലുള്ളവരും പലവട്ടം മത്സരിച്ചവരും തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസിന്റെ പേരിലാണ് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുമ്പിലും ഡിസിസി ഓഫീസിന് മുമ്പിലും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
എറണാകുളം ലോക്സഭാ മണ്ഡലത്തിൽ പാർട്ടി ഇത്തവണ സിറ്റിംഗ് എംപിയായ കെവി തോമസിന് പകരമാണ് ഹൈബി ഈഡനെ മത്സരിപ്പിച്ചത്. കേരളത്തിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട കേരളത്തിലെ ഏക എംപി, കെ വി തോമസായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ അതൃപ്തി പരസ്യമാക്കിയിട്ടും നേതൃത്വം വഴങ്ങിയില്ല. ലോക്സഭാ സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടിയിൽ അർഹമായ സ്ഥാനം നൽകുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കെവി തോമസ് സീറ്റിനായി പിടിമുറുക്കുന്നതെന്നാണ് സൂചന. എറണാകുളം നിയമസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് കെവി തോമസ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുന്നുന്നുണ്ട്. എറണാകുളത്ത് ജയസാധ്യതയ്ക്കും പരിചയസമ്പത്തിനുമാകണം പ്രഥമ പരിഗണന നൽകേണ്ടതെന്ന നിലപാടിലാണ് കെവി തോമസ്. ഇതിനായി കെവി തോമസ് നീക്കം ശക്തമാക്കുന്നതിനിടയിലാണ് പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെവി തോമസിന് പുറമെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ടിജെ വിനോദിന്റെ പേരാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ സജീവമായി ഉയരുന്നത്. ഏ ഗ്രൂപ്പ് നേതാക്കളും എറണാകുളം സീറ്റിനായി നോട്ടമിട്ടിട്ടുണ്ട്. മുൻ മേയർ ടോണി ചമ്മിണി, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.
Post Your Comments