റിയാദ്; എണ്ണപ്പാടങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി വെള്ളിയാഴ്ച ഹൂതി വിമതരുടെ ടിയിലുള്ള ഹൊദൈദ തുറമുഖത്തിനു നേരേ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അതിശക്തമായ ആക്രമണം അഴിച്ചുവിട്ടു.റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും കടലില്‍ ഉപയോഗിക്കുന്ന മൈനുകളും നിര്‍മിക്കുന്ന നാല് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണനീക്കത്തിനും വാണിജ്യത്തിനും തടസം സൃഷ്ടിക്കുന്ന നാല് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തതെന്നു സൗദി പ്രതിരോധ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി പറഞ്ഞു.ഹൊദൈദ തുറമുഖം ഭീകരത വളര്‍ത്താനുള്ള പ്രധാനകേന്ദ്രമായി ഹൂതി വിമതര്‍ ഉപയോഗിക്കുകയാണെന്നും ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ഇടമാക്കി മാറ്റിയെന്നും കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി കുറ്റപ്പെടുത്തി.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ജനങ്ങളോട് സഖ്യസേന ആവശ്യപ്പെട്ടു.സൗദി അറേബ്യയുടെ സുപ്രധാന എണ്ണപ്പാടങ്ങള്‍ ഇറാന്‍ ആക്രമിച്ചു തകര്‍ത്തതിനു പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലും ഹോര്‍മുസ് കടലിടുക്കും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ നാവികയുദ്ധ സഖ്യം നിലവില്‍ വന്നത്. ആഗോള വ്യാപകമായ ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ സൈനികസഖ്യമെന്ന് യുഎഇസാര്‍വദേശീയ സുരക്ഷാവകുപ്പ് മേധാവി സലേം മുഹമ്മദ് അല്‍ സാബി വ്യക്തമാക്കിയിരുന്നു .
യുഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൂട്ടായ്മയില്‍ ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് മറ്റംഗങ്ങള്‍. സൗദി അറേബ്യ ഈ സഖ്യത്തില്‍ ബുധനാഴ്ചയാണ് ചേര്‍ന്നത്. ആഗോള വ്യാപകമായ ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ സൈനികസഖ്യം രൂപീകരിച്ചതെന്നും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹൊദൈദ ആക്രമിച്ചതെന്നും തുര്‍ക്കി അല്‍ മല്‍ക്കി വ്യക്തമാക്കി.
Post Your Comments