കപടസദാചാരവാദികള്‍ ധാരാളമുണ്ട് നമ്മുടെ സമൂഹത്തില്‍. സ്ത്രീകളെ സംശയദൃഷ്ടിയോടെ മാത്രമേ അത്തരക്കാര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളു. ഇത്തരക്കാര്‍ക്കൊരു മറുപടിയെന്നോണമാണ് അലക്സ് ആയൂര്‍ സംവിധാനം ചെയ്ത വഴുതന എന്ന ഹ്രസ്വചിത്രം. ‘ മ്ലേച്ഛമിഴികള്‍ക്ക് നേരെയുള്ള കൂരമ്പ്’ എന്ന് സംവിധായകന്‍ തന്നെ വിശേഷിപ്പിക്കുന്ന ചിത്രം യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാംസ്ഥാനത്താണ്. രചന നാരായണന്‍ കുട്ടി, തട്ടിയും മുട്ടിയും ഫെയിം ജയകുമാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വഴുതന കാലികപ്രസക്തിയുള്ള ഒരു ഹ്രസ്വചിത്രം തന്നെയാണ്. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവരെ പരിഹസിക്കുന്ന ചിത്രത്തില്‍ ബാലതാരം ദേവപ്രിയയും അഭിനയിക്കുന്നുണ്ട്.
സ്ത്രീകളെ മ്ലേച്ഛമിഴികളോടെ നോക്കുന്നവരുടെ നേര്‍ക്ക് തുപ്പുകയാണ് ഈ ചിത്രം. മകള്‍ക്കൊപ്പം താമസിക്കുന്ന വിവാഹിതയായ സ്ത്രീയായിട്ടാണ് രചനയുടെ കഥാപാത്രം. ഈ സ്ത്രീയുടെ ദിനചര്യകള്‍ ഒളിഞ്ഞുനോക്കുന്ന കഥാപാത്രമാണ് ജയകുമാറിന്റേത്. എന്നാല്‍ ഇത്തരത്തിലുള്ള ആസക്തിയോടെയുള്ള ഒളിഞ്ഞുനോട്ടത്തില്‍ കാണുന്ന കാഴ്ചകളല്ല യാഥാര്‍ത്ഥ്യമെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം അവസാനിപ്പിക്കുന്നത്.
https://youtu.be/_1Mk7NP9nqk
വഴുതനയുടെ ടീസര്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു. ടീസര്‍ നടി അനുശ്രീയും പോസ്റ്റര്‍ സൈജു കുറുപ്പുമാണ് റിലീസ് ചെയ്തിരുന്നത്. വഴുതനയ്ക്ക് ആശംസകളുമായി തമിഴ് നടന്‍ വിജയ് സേതുപതി, ശ്രീനിവാസന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ സഹസംവിധായകനായിരുന്നു അലക്സ് ആയൂര്‍. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനായ അലക്‌സ് നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാഭവന്‍ മണിയെ കേന്ദ്രകഥാപാത്രമാക്കി ആംബുലന്‍സ് എന്ന വ്യത്യസ്തവും, ശ്രദ്ധേയവുമായ ഹ്രസ്വചിത്രമൊരുക്കിയിട്ടുണ്ട് അലക്‌സ് ആയൂര്‍. ചിത്രം അടുത്തുതന്നെ പുറത്തിറങ്ങും. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബോബന്‍ ആലുംമുടന്‍, റിയ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
അതോടൊപ്പം നടി അഞ്ജലി നായര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആകസ്മികം എന്ന ഹ്രസ്വചിത്രവും അലക്‌സിന്റേതായി പുറത്തിറങ്ങാനുണ്ട്.
അജിത്തിന്റെ വിശ്വാസം എന്ന ചിത്രത്തിലടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണിയാണ് വഴുതനയുടെ ഛായാഗ്രഹണം. ഫേസ്ബുക്കില്‍ കഥകളും, ക്യാപ്‌സൂള്‍ കവിതകളുമെഴുതി ശ്രദ്ധേയനായ ശ്യാം വര്‍ക്കലയുടേതാണ് കഥയും തിരക്കഥയും. കാരുണ്യ മാതാ ഫിലിംസ് ബാനറില്‍ ജസ്റ്റില്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റുഡിയോ ചിത്രഞ്ജലി മെഗാ മീഡിയ. പരസ്യകല: ഫിലിം റോള്‍, നിശ്ചല ഛായാഗ്രഹണം: അജേഷ് ആവണി, വസ്ത്രാലങ്കാരം: ധന്യാ ബാലകൃഷ്ണന്‍, ചമയം: ബൈജു, കല: ഋഷി, സഹസംവിധാനം: സുഭാഷ് ഇളമ്പല്‍, ചിത്രസംയോജനം: പ്രദീപ് ശങ്കര്‍, നിര്‍മ്മാണനിയന്ത്രണം: ജയശീലന്‍ സദാനന്ദന്‍, സംഗീതം റോണി റാഫേല്‍.
Post Your Comments