KeralaLatest NewsNews

സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍സെന്റര്‍ തയ്യാര്‍

25 മുതല്‍ 108 ല്‍ വിളിച്ചാല്‍ സമയനഷ്ടമില്ലാതെ ഉടന്‍ ആശുപത്രിയിലെത്താം: കോള്‍ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്-108’ന്റെ കേന്ദ്രീകൃത കോള്‍സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന അത്യാധുനിക കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ടിക്കുന്നത്.

ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോള്‍സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. 108 എന്ന നമ്പരിലൂടെയും ആന്‍ഡ്രോയിഡ് ആപ്പ് വഴിയും കനിവ് 108ന്റെ സേവനം ലഭ്യമാകുന്നതാണ്. കേരളത്തിലെവിടെ നിന്ന് വിളിച്ചാലും ആ കോള്‍ എത്തുന്നത് ഈ കേന്ദ്രീകൃത കോള്‍ സെന്ററിലാണ്. ഓരോ കോളും പ്രത്യേക സോഫ്റ്റുവെയര്‍ വഴി കോള്‍സെന്ററിലെ കമ്പ്യൂട്ടറുകളിലേക്ക് വരുന്നു. ഒരു കോള്‍ പോലും നഷ്ടമാകാതിരിക്കാനും ഫേക്ക് കോളുകള്‍ കണ്ടെത്താനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാള്‍ കോള്‍ സെന്ററിലേക്ക് വിളിച്ച് കഴിഞ്ഞ് അപകടം നടന്ന സ്ഥലവും അത്യാവശ്യ വിവരങ്ങളും നല്‍കിയാല്‍ പരിമിതമായ സമയത്തിനുള്ളില്‍ ഇടപെടാനാകും. കോള്‍ സെന്ററിലെ മോണിറ്ററില്‍ അപകടം നടന്ന സ്ഥലം രേഖപ്പെടുത്തി കഴിഞ്ഞാല്‍ അതിന് തൊട്ടടുത്തുള്ള ആംബുലന്‍സ് ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കും.

ആംബുലന്‍സില്‍ ഡ്രൈവറും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷനുമാണ് ഉണ്ടാകുക. ആംബുലന്‍സില്‍ ജി.പി.എസും മേപ്പിംഗ് സോഫ്റ്റുവെയറുമുള്ള സംവിധാനവും മെഡിക്കല്‍ ടെക്‌നീഷന്റെ കൈവശം പ്രത്യേക സോഫ്റ്റുവെയറുള്ള സമാര്‍ട്ട് ഫോണുമുണ്ടാകും. ഒന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റൊന്നില്‍കൂടി വിവരം കൈമാറാനാണിത്. കോള്‍ സെന്ററില്‍ നിന്നും മെഡിക്കല്‍ ടെക്‌നീഷനുമായി ബന്ധപ്പെട്ട് കൃത്യമായ അപകടം നടന്ന ലൊക്കേഷന്‍ നല്‍കുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേകിച്ചെന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കണമെങ്കില്‍ കോണ്‍ഫറന്‍സ് കോള്‍ മുഖാന്തിരം വിളിച്ച ആളും മെഡിക്കല്‍ ടെക്‌നീഷനുമായി കണക്ട് ചെയ്തു കൊടുക്കുന്നു.


ഒട്ടും സമയം നഷ്ടപ്പെടാതെ രോഗിയെ അനുയോജ്യമായ ആശുപത്രിയില്‍ എത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിരിക്കുന്നത്. പേപ്പറില്‍ വിവരം ശേഖരിച്ച് വിളിച്ച് പറയുന്ന പഴയ രീതി മാറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ ടെക്‌നീഷ്യന്റെ കൈവശമുള്ള സ്മാര്‍ട്ട് ഫോണിനകത്ത് പ്രീ ലോഡ് ഇന്‍ഫര്‍മേഷന്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതില്‍ എന്‍ട്രി ചെയ്ത് കൊടുത്താല്‍ മാത്രം മതിയാകും. അതിനാനുപാതികമായ വിവരങ്ങള്‍ കോള്‍ സെന്ററില്‍ കിട്ടിക്കൊണ്ടിരിക്കും. പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷം രോഗിയെ പരിശോധിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഓരോ വിവരങ്ങളും ലൈവായി കോള്‍ സെന്ററില്‍ എത്തിക്കാന്‍ സാധിക്കുന്നു. അതിന് ആനുപാതികമായി ഏത് തരം ചികിത്സ ഏത് തൊട്ടടുത്തുള്ള ആശുപത്രിയില്‍ ലഭ്യമാക്കാമെന്ന് കോള്‍ സെന്ററില്‍ നിന്നറിയിക്കുന്നു. കോള്‍ സെന്ററിന് സംശയമുണ്ടെങ്കില്‍ ടെലി കോണ്‍ഫറന്‍സ് വഴി ഡോക്ടറുടെ സഹായം തേടാനും കഴിയും. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് അടുത്തുള്ള ഏത് ആശുപത്രിയിലാണ് രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനൊപ്പം ആ ആശുപത്രിയ്ക്ക് അലര്‍ട്ട് കൊടുക്കാനുള്ള സംവിധാനവുമുണ്ട്. അതിനായി ഓരോ ആശുപത്രിയിലും ഓരോ നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. രോഗിയെ കൊണ്ടു വരുന്നുവെന്നുള്ള വിവരങ്ങളും രോഗിയുടെ അവസ്ഥയും അവരെ അറിയിക്കുന്നു. ഈ അറിയിപ്പ് കിട്ടിയാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റേയോ വിദഗ്ധ ഡോക്ടറുടേയോ അഭാവമുണ്ടായാല്‍ എത്രയും പെട്ടന്ന് ഈ നോഡല്‍ ഓഫീസര്‍ കോള്‍ സെന്ററിനെ അറിയിക്കും. അതിനാനുപാതികമായി അടുത്ത ആശുപത്രിയെ ബന്ധപ്പെട്ട് കോള്‍സെന്റര്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നു.

നഗര പ്രദേശങ്ങളില്‍ പരമാവധി 15 മിനിറ്റിനുള്ളിലും ഗ്രാമ പ്രദേശത്ത് പരാമധി 20 മിനിറ്റിനുള്ളിലും ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളില്‍ പരമാവധി 30 മിനിറ്റിനുള്ളിലും ആംബുലന്‍സ് എത്താനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം അപകടം നടന്നതിന് തൊട്ടടുത്തുള്ള സൗകര്യമുള്ള ആശുപത്രിയുടെ വിവരവും നല്‍കുന്നതാണ്. അപകട സ്ഥലത്തെത്തിയാല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രോഗിയുടെ നില വിലയിരുത്തുകയും അതനുസരിച്ച് ആംബുലന്‍സില്‍ കയറ്റുകയും ചെയ്യുന്നു. തുടര്‍ന്ന് ആവശ്യമെങ്കില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന് കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. രോഗിയെ എറ്റവുമടുത്തുള്ള സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കുന്നതാണ്. എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളില്‍ ഈ മാസം 25 മുതല്‍ ആംബുലന്‍സിന്റെ സേവനങ്ങള്‍ കിട്ടിത്തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ 101 ആംബുലന്‍സുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ബാക്കിയുള്ള 214 ആംബുലന്‍സുകള്‍ എത്രയുംവേഗം സജ്ജമാകുന്നതാണ്. ഒക്‌ടോബര്‍ അവസാനം മുതല്‍ ഈ പദ്ധതി പൂര്‍ണതോതില്‍ സജ്ജമാകുന്നതാണ്.

കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് സമഗ്ര ട്രോമകെയര്‍ സംവിധാനമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ പ്രതിവര്‍ഷം പകര്‍ച്ചവ്യാധികള്‍മൂലം 500ല്‍ താഴെയാണ് മരണം സംഭവിക്കുന്നത്. അതേസമയം 3000ലധികം മരണമാണ് റോപകടങ്ങിലൂടെ സംഭവിക്കുന്നത്. അപകടം നടന്ന് ഗോള്‍ഡന്‍ അവറിനുള്ളില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനാകും. ഇതിന്റെ ഭാഗമായാണ് ആംബുലന്‍സ് ശൃഖലയും കോള്‍ സെന്ററും സജ്ജമാക്കിയത്. ആശുപത്രികളില്‍ മികച്ച ട്രോമ സംവിധാനമാണ് ഒരുക്കി വരുന്നത്. ആരോഗ്യ മേഖലയില്‍ വലിയ മാറ്റത്തിന് സമഗ്ര ട്രോമകെയര്‍ സംവിധാനം ഉപകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടനശേഷം കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഷര്‍മ്മിള മേരി ജോസഫ്, ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു മോഹന്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button