തിരുവനന്തപുരം: ഓണക്കാലത്തെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് ഉപഭോക്താക്കളോട് നന്ദി പറഞ്ഞ് മില്‍മ. മലയാളി ആഘോഷിച്ചു മില്‍മക്കൊപ്പം എന്ന കുറിപ്പോടെയാണ് അധികൃതര്‍ ഈ സന്തോഷം പങ്കിട്ടിരിക്കുന്നത്. ഓണക്കാലത്ത് മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. പൂരാടം, ഉത്രാടം ദിവസങ്ങളില്‍ മാത്രം 46.6 ലക്ഷം ലിറ്റര്‍ പാലും, 5.89 ലക്ഷം ലിറ്റര്‍ തൈരുമാണ് കേരളത്തില്‍ മില്‍മ വില്‍പ്പന നടത്തിയത്. ഇത് തങ്ങളുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണെന്നും ഓണമുണ്ണാന്‍ മില്‍മയെ തെരഞ്ഞെടുത്ത എല്ലാ മലയാളികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും മില്‍മ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത് കൂടാതെ ഓണക്കാലത്തെ അധിക ഉപയോഗം പരിഗണിച്ച് കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈല്‍ ആപ്പ് വഴി വിറ്റത്. അതേസമയം, മില്‍മ ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തില്‍ വരുത്താതിരുന്ന വില വര്‍ദ്ധനവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മഞ്ഞക്കവര്‍ പാലിന് അഞ്ചുരൂപയും മറ്റ് കവറിലുള്ള പാലിന് നാലുരൂപയുമാണ് ലിറ്ററിന് വര്‍ധന.
2017-ലാണ് മില്‍മ പാല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കുന്നതില്‍ 3.35 രൂപ കര്‍ഷകന് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്റുമാര്‍ക്കും മൂന്നുപൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരുപൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നല്‍കും.
Post Your Comments