ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കര്‍ കോഡ്‌ല ശിവപ്രസാദ് റാവുവിന്റെ മരണം കൊലപാതകമാണെന്ന പുതിയ ആരോപണവുമായി അനന്തരവന്‍ കാഞ്ചി സായി. തിങ്കളാഴ്ച ഉച്ചയ്ക്കു ഹൈദരാബാദിലെ വസതിയിലാണു റാവുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നു വിശ്വസിക്കുന്നില്ലെന്നും, ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ വിവരമനുസരിച്ച് അദ്ദേഹം കൊല്ലപ്പെട്ടതാകാനാണു സാധ്യതയെന്നും കാഞ്ചി സായി പറഞ്ഞു.
പൊലീസ്, കാഞ്ചിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദുരൂഹമരണത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു. അതേസമയം, മൂത്തമകള്‍ വിജയലക്ഷ്മി ഈ ആരോപണം നിഷേധിച്ചു. പിതാവ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതു താന്‍ കണ്ടതാണെന്നും ഡ്രൈവറെയും ഗണ്മാനെയും വിവരമറിയിച്ചതു താനാണെന്നും മകള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെയാണു റാവു മരിച്ചത്. സ്വവസതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച റാവുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റാവുവിന്റെ കഴുത്തില്‍ കണ്ട അടയാളങ്ങള്‍ മരണം ആത്മഹത്യ തന്നെയാണെന്നാണു സൂചിപ്പിക്കുന്നത്.
എന്നാല്‍ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നോയെന്നു ഫൊറന്‍സിക് പരിശോധനയുടെ ഫലം വന്നെങ്കില്‍ മാത്രമെ വ്യക്തമാകൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രാഥമിക അന്വേഷണത്തിനു ശേഷം മരണം ആത്മഹത്യ തന്നെയെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതെ സമയം ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി രാഷ്ട്രീയ വിരോധികളെ അഴിമതിക്കേസുകളിൽ കുരുക്കുന്നത് തുടരുകയാണെന്നാണ് ടിഡിപിയുടെ ആരോപണം. ഇതിന്റെ അവസാനത്തെ ഇരയാണ് കോഡ്‌ല ശിവപ്രസാദ് റാവു എന്നും ടിഡിപി വൃത്തങ്ങൾ ആരോപിച്ചു.
Post Your Comments