Latest NewsKeralaIndia

വിരണ്ടോടിയ പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി കശാപ്പു ചെയ്തു ഇറച്ചി വീതം വെച്ചു : ഉടമയെത്തിയപ്പോൾ കണ്ടത് കയർ മാത്രം

പോത്തിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ നാട്ടുകാരില്‍ ചിലര്‍ തന്നെ പോത്തിനെ കശാപ്പ് ചെയ്ത് ഇറച്ചി വീതം വച്ചു കഴിക്കുകയായിരുന്നു.

മുളക്കുളം; കഴിഞ്ഞ ദിവസമാണ് മുളക്കുളത്ത് വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടിയത്. പിന്നാലെ ഉടമയെ വിവരം അറിയിച്ചു. എന്നാല്‍ അടുത്ത ദിവസം രാവിലെ ഉടമ എത്തിയപ്പോള്‍ പോത്തിനെ കെട്ടിയ കയര്‍ പോലും ബാക്കിയില്ല. പരാതിയുമായി ഉടമ പൊലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ പോത്തിന്റെ തിരോധാനത്തിലെ യഥാര്‍ത്ഥ്യം പുറത്തുവരുന്നത്. പോത്തിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ നാട്ടുകാരില്‍ ചിലര്‍ തന്നെ പോത്തിനെ കശാപ്പ് ചെയ്ത് ഇറച്ചി വീതം വച്ചു കഴിക്കുകയായിരുന്നു.

സംഭവം പോലീസ് കേസായതോടെ തടിയൂരാൻ ശ്രമിക്കുകയാണ് പലരും. കയര്‍ കുടുങ്ങി ചത്ത പോത്തിനെയാണു കശാപ്പ് ചെയ്തതെന്നാണ് അഴിച്ചുകൊണ്ടുപോയവരുടെ വാദം. കഴിഞ്ഞ ദിവസം മുളക്കുളം പഞ്ചായത്തിലെ അവര്‍മയിലാണ് സംഭവമുണ്ടായത്. അറുനൂറ്റിമംഗലത്ത് കശാപ്പിനായി കൊണ്ടു വരും വഴിയാണ് പോത്ത് വിരണ്ട് ഓടിയത്. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരില്‍ ചിലര്‍ വൈകിട്ട് പോത്തിനെ പിടിച്ചു കെട്ടി.

ഇന്നലെ രാവിലെ പോത്തിനെ അഴിക്കാന്‍ ഉടമ എത്തിയപ്പോഴാണ് പോത്തിനെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പരാതിയുമായി വെള്ളൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ കശാപ്പ് ചെയ്തു കഴിച്ച കഥ വെളിയിൽ വന്നു. തുടർന്ന് പോലീസ് ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി. പോത്തിന്റെ വില നല്‍കി കേസില്‍ നിന്നും ഊരാന്‍ കശാപ്പ് നടത്തിയവര്‍ ശ്രമം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button