![](/wp-content/uploads/2019/09/t-1.jpg)
ഹൈദരാബാദ് : പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കില്‍ കോളേജിനകത്തേക്ക് പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ പ്രശസ്ത വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്. ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് കോളേജാണ് വിദ്യാര്‍ത്ഥിനികളുടെ ഡ്രെസ്സിന്റെ നീളം അളന്ന ശേഷം മാത്രം അകത്തേക്ക് കടത്തി വിടുന്നത്. മുട്ടിന് താഴെ ഇറക്കമില്ലാത്ത കുര്‍ത്തിയോ ചുരിദാറോ, സ്ലീവ് ലെസ് ഉടുപ്പോ ഇട്ടുകൊണ്ട് കോളേജില്‍ വരരുതെന്നാണ് അധികൃതരുടെ നിര്‍ദേശം.
ഗേറ്റിനു മുന്നില്‍ നില്ക്കുന്ന വനിതാ സുരക്ഷാ ജീവനക്കാരും ഒരു സന്യാസിനിയും ചേർന്നാണ് പെൺകുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം അവര്‍ കോളേജില്‍ പ്രവേശിക്കാന്‍ അര്‍ഹരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. വെള്ളിയാഴ്ച കോളജില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിഷയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ആഗസ്റ്റ് ഒന്നു മുതലാണ് പുതിയ ഡ്രസ് കോഡ് നിലവില്‍ വന്നത്.
കൈയുള്ളതും കാല്‍മുട്ടിന് താഴെ ഇറക്കമുള്ളതുമായ വസ്ത്രം ധരിച്ചുമാത്രമേ വരാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്.പെണ്‍കുട്ടികളുടെ തുടകള്‍ ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോളേജ് അധികൃതരുടെ നടപടി. എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍, ഇറക്കം കുറഞ്ഞ വസ്ത്രം ആണ്‍കുട്ടികളെ ആകര്‍ഷിക്കുമെന്ന വാദം ബാലിശമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
നല്ല വിവാഹാലോചനകള്‍ വരാന്‍ ഇറക്കമുള്ള കുര്‍ത്തികള്‍ ധരിക്കണമെന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനികളെ ഉപദേശിക്കുന്നതായും ഒരു പൂര്‍വ വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.അതേസമയം വിഷയത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇതുവരെ പ്രിന്‍സിപ്പല്‍ തയ്യാറായിട്ടില്ല. വീഡിയോകൾ കാണാം:
Post Your Comments