അച്ഛന്റെ ഓർമദിനത്തിൽ ഫോൺനമ്പറെഴുതി ബലൂൺ പറത്തിയ യുവതിയെ തേടി അപ്രതീക്ഷിതമായ സന്ദേശം. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് സംഭവം. അച്ഛന്റെ ഓർമദിനത്തിൽ യുവതി പറത്തിയ ഹീലിയം ബലൂൺ 17,00 കിലോമീറ്റർ പിന്നിട്ട് പോളണ്ടിലെത്തി എന്ന വാർത്തയാണ് യുവതിയെ തേടിയെത്തിയത്. നിക്കോള ബൗളർ എന്ന യുവതിയാണ് തനിക്ക് ലഭിച്ച സന്ദേശം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
2018 സെപ്റ്റംബർ 2 ന് അച്ഛന്റെ ഓർമദിനത്തിലാണ് നിക്കോളയും ഭർത്താവും ചേർന്ന് കുറേ ബലൂണുകൾ പറത്തി വിട്ടത്. അതിൽ നക്ഷത്രാകൃതിയിലുള്ള ബലൂണിന്റെ ഒരു ഭാഗത്ത് ഒരു കുറിപ്പും മറുഭാഗത്ത് ഒരു ഫോൺ നമ്പറും കുറിച്ചാണ് നിക്കോള ബലൂൺ പറത്തിയത്. ” എപ്പോഴും മിസ് ചെയ്യും പക്ഷേ, ഒരിക്കലും മറക്കില്ല അച്ഛാ” എന്നും അതിലെഴുതിയിരുന്നു. കൂടാതെ എന്റെ അച്ഛൻ എത്രദൂരം സഞ്ചരിച്ചുവെന്ന് അറിയാനാണ്, ദയവായി ഈ നമ്പറിൽ എനിക്ക് മെസേജ് ചെയ്യൂ, എന്നും എഴുതുകയുണ്ടായി.
വടക്കു കിഴക്കൻ പോളണ്ടിലെ ട്രോസ്കോവോ എന്ന ഗ്രാമത്തിലെ കർഷകനായ റഡോസ്ലാവ് ഗച്ച് ബലൂണും സന്ദേശവും കണ്ട് നിക്കോളിന് സന്ദേശമയച്ചതോടെയാണ് താൻ പറത്തിവിട്ട ബലൂൺ 1700 കിലോമീറ്റർ സഞ്ചരിച്ചെന്ന വാർത്ത നിക്കോള അറിയുന്നത്. ”നിങ്ങളുടെ അച്ഛൻ യാത്രചെയ്ത് ഈ ഗ്രാമത്തിലെത്തിയിട്ടുണ്ട്’ എന്നായിരുന്നു നിക്കോളായ്ക്ക് ലഭിച്ച സന്ദേശം. എന്റെ അച്ഛൻ അധികം യാത്രയൊന്നും ചെയ്യാത്ത ഒരാളാണ്. ഒരുപാട് ദൂരെയൊന്നും പോയിട്ടുമില്ല. അതുകൊണ്ടു തന്നെ ഈ ബലൂൺ ഇത്രദൂരമൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ല. ഇതെല്ലാം കണ്ട് അച്ഛനൊരുപാട് ചിരിച്ചിട്ടുണ്ടാകുമെന്നാണ് ഇതിനെ കുറിച്ച് നിക്കോള പറയുന്നത്.
Post Your Comments