ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ. ആശയവിനിമയം പുനസ്ഥാപിക്കാന്‍ ഇനി 10 ദിവസം മാത്രം സമയമുള്ള സാഹചര്യത്തിലാണ് ഇസ്രോയുടെ പരിശ്രമങ്ങള്‍. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായുള്ള ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിലെയും ബാറ്ററികള്‍ക്ക് 14 ദിവസം മാത്രമേ ആയുസുള്ളൂ.
ആശയവിനിമയം സാധ്യമാക്കത്തക്ക വിധം ലാന്‍ഡറിലെ ആന്റിനയുടെയും ട്രാന്‍സ്‌പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണ് പീനിയത്തിലെ ഇസ്‌റോ കേന്ദ്രമായ ഇസ്ട്രാക്കില്‍ നടക്കുന്നത്. ഇതിനുപുറമെ ബയലാലുവിലെ 32 മീറ്റര്‍ ആന്റിനയുടെ സഹായത്തോടെ ലാന്‍ഡറിനു സ്വീകരിക്കാന്‍ പാകത്തിലുള്ള ഫ്രീക്വന്‍സിയിലുള്ള വിവിധ നിര്‍ദേശങ്ങളും അയച്ച് വരുന്നു.
സെപ്തംബര്‍ 7ന് പുലര്‍ച്ചെ 1.53ന് ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങാന്‍ മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ലാന്‍ഡറുമായുള്ള ആശയവിനിമയബന്ധം തകരാറിലാകുന്നത്. ചന്ദ്രന് 2.1 കിലോമീറ്റര്‍ അടുത്ത് വരെ ലാന്‍ഡര്‍ എത്തിയിരുന്നു. തുടര്‍ന്ന് ചന്ദ്രഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ അയച്ച തെര്‍മല്‍ ചിത്രത്തില്‍ നിന്ന് ലാന്‍ഡര്‍ ചെരിഞ്ഞ നിലയിലാണെന്നും തകര്‍ന്നിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
ALSO READ: ഓണത്തിന് മദ്യപാനം അതിരു കടന്നു: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ ചികിത്സയില്‍
Post Your Comments