ബംഗളൂരു : ചന്ദ്രയാന്‍ -2 മിഷന്റെ വിക്രം ലാന്‍ഡറിന് എന്ത് പറ്റിയെന്നുള്ള അന്വേഷണത്തിലാണ് ഗവേഷകര്‍. ലാന്‍ഡര്‍ നശിപ്പിക്കപ്പെട്ടതാണോ അതോ വലിയകേടുപാടുകള്‍ ഇല്ലാതെയാണോ കിടക്കുന്നതെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. വിക്രം ലാന്‍ഡറിന് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിട്ട് നാലു ദിവസത്തിലേറെയായി. ലിങ്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ഇസ്രോ കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു. ഓര്‍ബിറ്റര്‍ വഴി ചിത്രം ലഭിച്ചെങ്കിലും ലാന്‍ഡറിന്റെ അവസ്ഥയെ കുറിച്ച് ഒന്നും അറിവായിട്ടില്ല. നശിപ്പിക്കപ്പെട്ടതാണോ അതോ ഇപ്പോഴും കേടുപാടുകള്‍ സംഭവിക്കാതെ ഇരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ നേരിയ പ്രതീക്ഷയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ലാന്‍ഡറില്‍ നിന്നു ഏതു നിമിഷവും സിഗ്‌നലുകള്‍ ലഭിച്ചേക്കാം. ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയ്ക്ക് സമയപരിധിയുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ (സെപ്റ്റംബര്‍ 21 നകം) ഇക്കാര്യത്തില്‍ വിജയിക്കേണ്ടതുണ്ട്.
കാരണം ഇതിനുശേഷം ചന്ദ്രന്‍ ഒരു ചന്ദ്ര രാത്രിയിലേക്ക് പ്രവേശിക്കും. ടച്ച്ഡൗണ്‍ ചെയ്ത ദിവസം മുതല്‍ 14 ദിവസത്തേക്ക് മാത്രമേ ലാന്‍ഡറും റോവറും പ്രവര്‍ത്തിക്കൂ എന്ന കാര്യം ഓര്‍മിക്കുക. ചാന്ദ്ര ദിനങ്ങളും രാത്രികളും 14 ഭൗമദിനങ്ങള്‍ക്ക് തുല്യമാണ്. ചന്ദ്രനിലെ രാത്രികള്‍ ഏറെ തണുപ്പേറിയതാണ്. പ്രത്യേകിച്ച് വിക്രം ലാന്‍ഡര്‍ കിടക്കുന്ന ദക്ഷിണധ്രുവ പ്രദേശത്ത്. താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. ലാന്‍ഡറിലെ സംവിധാനങ്ങള്‍ അത്തരം താപനിലയെ നേരിടാന്‍ രൂപകല്‍പന ചെയ്തിട്ടില്ല. ഇലക്ട്രോണിക്‌സ് പ്രവര്‍ത്തിക്കില്ല, ഇതോടെ അവ ശാശ്വതമായി തകരാറിലാകും. ഇതിനാല്‍ തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ബന്ധവും സ്ഥാപിക്കാനായില്ലെങ്കില്‍ പ്രതീക്ഷ കൈവിടേണ്ടി വരും.
Post Your Comments