ബംഗളൂരു: ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ 2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് രാജ്യം. എല്ലാവരെയും പോലും ഞാനും ഏറെ ആകാംഷയിലാണെന്നാണ് ഐഎസ്‌ആര്‍ഒ മേധാവി ഡോ. കെ. ശിവന്‍ പറയുന്നത്. ആ മഹത്തായ നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നത് ഏറെ പ്രചോദനം നല്‍കുന്നതാണ്. ലാന്‍ഡി൦ഗ് നടത്തുന്ന അവസാനത്തെ 15 മിനിറ്റുകള്‍ അതീവ നിര്‍ണായകമാണ്. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ചങ്കിടിപ്പേറിയ നിമിഷങ്ങളായിരിക്കും അതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നവജാത ശിശുവിനെയെന്നോണം ഈ ഘട്ടത്തിൽ ലാന്‍ഡറിനെ കൈകാര്യം ചെയ്യേണ്ടിവരും. പെട്ടെന്ന് ഒരു നിമിഷം ഒരാള്‍ നമ്മുടെ കൈകളിലേയ്ക്ക് ഒരു നവജാത ശിശുവിനെ തന്നെന്നിരിക്കട്ടെ. ഒരു തയ്യാറെടുപ്പും കൂടാതെ നമുക്ക് കുഞ്ഞിനെ കൈയ്യിലെടുക്കാനാവുമോ? അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചലിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ സുരക്ഷിതമായി കൈയില്‍ പിടിച്ചേ പറ്റൂ. അതുപോലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പല രീതിയില്‍ നീങ്ങിയെന്നിരിക്കും. അപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെന്നോണം കരുതല്‍ ആവശ്യമാണെന്ന് കെ. ശിവന്‍ പറയുന്നു.
Post Your Comments