ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്ക ലാംബെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ഡല്‍ഹി ചാന്ദിനി ചൌക്കില്‍ നിന്നുള്ള എം.എല്‍.എയായ അല്‍ക്ക വെള്ളിയാഴ്ചയാണ് ആം ആദ്മി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജി വച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്. ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍ രാജിക്കത്ത് സ്വീകരിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അല്‍ക്കയുടെ രാജി പ്രഖ്യാപനം വന്നിരിക്കുന്നത്.
‘എ.എ.പിയോട് ഗുഡ് ബൈ പറയാനും, പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കാനുള്ള സമയമായിരിക്കുന്നു. കഴിഞ്ഞ ആറുവര്‍ഷത്തെ യാത്ര എനിക്ക് വലിയ പാഠമായിരുന്നു. എല്ലാവര്‍ക്കും നന്ദി’- അല്‍ക്ക ട്വീറ്റ് ചെയ്തു.
പിന്നീട് ഒരു ട്വീറ്റിൽ കെജ്‌രിവാളിനോട് ഔദ്യോഗികമായി രാജി അംഗീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരതരത്ന തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്തതുമാണ് അല്‍ക്ക ലാംബയും പാര്‍ട്ടിയും തമ്മില്‍ അകലാന്‍ ഇടയാക്കിയത്.
സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന എഎപിയുടെ പ്രമേയത്തെ പിന്തുണക്കാന്‍ അല്‍ക്ക തയ്യാറായിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 2013-ലാണ് അവര്‍ എഎപിയില്‍ ചേര്‍ന്നത്.
Post Your Comments