വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നോർക്ക റൂട്ട്‌സ് സ്‌കിൽ അപ്ഗ്രഡേഷൻ പരിശീലന പരിപാടി സംഘടിപ്പിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നഴ്‌സിംഗ് മേഖലയിൽ തൊഴിൽ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോർക്ക റൂട്ട്‌സ് ഇത്തരത്തിലുള്ള പരിശീലനത്തിന് തുടക്കമിടുന്നത്.
നഴ്‌സിംഗ് മേഖലയിൽ തൊഴിൽ ലഭ്യമാകുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷ പാസാകണം. HAAD/PROMETRIC/MOH/ DOH/DHA തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിന് പരിശീലനം നൽകുന്നതിന് കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ കീഴിലുള്ള അംഗീകൃത സ്ഥാപനമായ നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്‌മെന്റ് ( NICE ) എന്ന സ്ഥപനവുമായി നോർക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പുവച്ചിരുന്നു.
Also read : ആണവോർജ വകുപ്പിലെ വിവിധ ട്രേഡുകളിൽ അപ്രന്റിസ് ഒഴിവ് : ഉടൻ അപേക്ഷിക്കാം
യോഗ്യത ജി.എൻ.എം/ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് രണ്ട് വർഷത്തെ തുടർച്ചയായ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യത പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവേശനം ലഭിക്കും. കോഴ്‌സ് തുകയുടെ 75 ശതമാനം നോർക്ക വഹിക്കും. ജോലി ചെയ്യുന്നവർക്കായി സൗകര്യപ്രദമായ സമയം ക്രമീകരിച്ചിട്ടുണ്ട്.
താത്പര്യമുളളവർ സെപ്റ്റംബർ 30 ന് മുൻപ് നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) ലും ലഭ്യക്കും.
Post Your Comments