ന്യൂഡല്‍ഹി: ഇനി നമുക്ക് ലഭിക്കാനുള്ള റേഷന്‍ വിഹിതം രാജ്യത്തെവിടെ നിന്നും വാങ്ങാം. ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി അടുത്തമാസം മുതല്‍ ആരംഭിക്കാന്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. അഞ്ചു ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് പത്തു സംസ്ഥാനങ്ങളിലായി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനായി കേരളം, കര്‍ണാടക സംസ്ഥാനങ്ങളെ ഒരു ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏതു സംസ്ഥാനത്തുനിന്നുള്ള ഗുണഭോക്താക്കളായാലും രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാവുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി റേഷന്‍ ഗുണഭോക്താക്കളുടെ സംയുക്ത ഡേറ്റാബാങ്ക് തയ്യാറാക്കും. കേരളത്തില്‍ മൂന്നുകോടിയിലേറെയാണ് ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. കര്‍ണാടകവും ഈ ഡേറ്റാബാങ്കുണ്ടാക്കിയ പശ്ചാത്തലത്തില്‍ ഇരുസംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി ഒരു ക്ലസ്റ്ററാക്കാനുള്ള തീരുമാനം. ഇനി ഇരുസംസ്ഥാനങ്ങളിലുമുള്ളവര്ക്ക് തങ്ങള്‍ ജോലിയെടുക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നു തന്നെ റേഷന്‍ വാങ്ങാം.
എന്നാല്‍, പദ്ധതി നടപ്പിലാകുന്നതോടെ നിലവിലുള്ള റേഷന്‍വിഹിതം കുറയുമോ എന്ന ആശങ്കിയിലാണ് കേരളം. നാല്പതു ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ട്. ഇവര്‍ക്കെല്ലാം റേഷന്‍ നല്കണമെങ്കില് കേരളത്തിന് അധികവിഹിതം അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്.സി.ഐ. മുതല്‍ റേഷന്‍ കടകള്‍ വരെ ആധാര്‍ അധിഷ്ഠിതമാക്കണമെന്നാണു കേന്ദ്രനിര്‍ദേശം. റേഷന്‍ പോര്‍ട്ടബിലിറ്റി നൂറുശതമാനം നടപ്പാക്കിയ പത്തുസംസ്ഥാനങ്ങളിലൊന്നാണു കേരളം. സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണവും കേരളം യാഥാര്‍ഥ്യമാക്കി.
Post Your Comments