കണ്ണൂര്‍: പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീയോട് പരുഷമായി പെരുമാറുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയുള്ള കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാനില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് വീഡിയോ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും സംഭവത്തെ കുറിച്ച് വിശദീകരിച്ചു കൊണ്ടുമുള്ള കുറിപ്പ് കണ്ണൂര്‍ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. കളക്ടറുടെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ നീക്കം ചെയ്തതാണെന്നാണ് സൂചന.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്;
കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.
ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു.
ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
Post Your Comments