സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ഗര്‍ഭിണിയാണെന്ന് കളവ് പറഞ്ഞ യുവതി പിടിയില്‍. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കൈലാറസിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ യുവതി താന്‍ പസവിച്ചത് ചാപിള്ളയെയാണെന്നാണ് ആശുപത്രി ജീവനക്കാരെ അറിയിച്ചത്. എന്നാല്‍ കുഞ്ഞിന്റെ മുഖം കാണിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. ചാപിള്ളയെ മറ്റുള്ളവരെ കാണിക്കുന്നത് തങ്ങളുടെ ആചാരത്തിന് വിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം.
ഖാന്‍പുര ഗ്രാമവാസിയായ വിജയവതി മൊഹര്‍സിങ് കുശ്വാന്‍ എന്ന യുവതിയാണ് മാസങ്ങളായി ഗര്‍ഭിണിയാണൈന്ന് അഭിനയിക്കുകയും ചാപിള്ളയെ പ്രസവിച്ചെന്ന് നുണ പറയുകയും ചെയ്തത്. മാവ് കുഴച്ച് ഒരു കുഞ്ഞിന്റെ ആകൃതിയിലാക്കി വസ്ത്രം കൊണ്ട് മറച്ചിരിക്കുകയാണെന്ന് ആശുപത്രി ജീവനക്കാര്‍ കണ്ടെത്തിയതോടെ ഇവരുടെ തട്ടിപ്പ് പുറത്തായി.
ALSO READ: കുവൈറ്റില്‍ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
മുഖ്യമന്ത്രി ശ്രാമിക് സേവാ പ്രസുതി സഹായപദ്ധതി പ്രകാരം ലഭിക്കുന്ന 16,000 രൂപയും ആനുകൂല്യങ്ങളുമാണ് വിജയവതി ലക്ഷ്യമിട്ടതെന്ന് കെയ്ലാറസ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ. എസ്. ആര്‍ മിശ്ര വ്യക്തമാക്കി. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രസവസമയത്തുണ്ടാകുന്ന ജോലിനഷ്ടത്തിന് പരിഹാരമായാണ് തുക നല്‍കുന്നത്.
ആശുപത്രിയിലെത്തിയ 25കാരിയായ യുവതിയെ ഒരു ആശ വര്‍ക്കര്‍ അനുഗമിച്ചിരുന്നു. യുവതിയെ വ്യക്തമായി പരിശോധിക്കാതെ മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ (എംസിപി) കാര്‍ഡ് പൂരിപ്പിച്ചതിന് ഇവരുടെ ജോലി നഷ്ടമാകുമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അതേസമയം കളവ് പറഞ്ഞെത്തിയ യുവതിക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്‍കിയില്ല. ഇത്തരം ക്രമക്കേടുകള്‍ നടക്കാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Post Your Comments