കോല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാനായി അദ്ദേഹത്തിന്റേതെന്നു കരുതുന്ന ചിതാഭസ്മം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് നേതാജിയുടെ മകള്‍ അനിത ബോസ് ആവശ്യപ്പെട്ടു. നേതാജിയെക്കുറിച്ചുള്ള പല കഥകളും ഇപ്പോൾ താൻ കേൾക്കുന്നുണ്ടെന്ന് ജര്‍മനിയില്‍ കഴിയുന്ന അനിത വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. 1945 ഓഗസ്റ്റ് 18ന് തായ്വാനിലെ തായ്ഹോക്കു വിമാനത്താവളത്തില്‍നിന്ന് വിമാനം കയറിയ നേതാജിയെക്കുറിച്ച് പിന്നീട് വിവരം ലഭ്യമല്ല. വിമാനം തകര്‍ന്നു മരിച്ചുവെന്നാണ് ഒരു വാദം. ഉത്തർപ്രദേശിൽ ഉണ്ടായിരുന്ന ഒരു ഗുംനാമി ബാബാ ആണ് സുഭാഷ് ചന്ദ്രബോസ് എന്നാണ് മറ്റൊരു വാദം.
ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം അദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു. ഇത് ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയാല്‍ ദുരൂഹതകള്‍ അവസാനിക്കുമെന്നാണ് അനിത പറയുന്നത്. അതെ സമയം സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിൽ നിരവധി ദുരൂഹതകളാണ് നിറഞ്ഞു നിൽക്കുന്നത്. മരിക്കുന്നതിന് മുമ്പുള്ള കുറച്ചുകാലം അദ്ദേഹത്തിന്റെ ജീവിതം വളരെ സാഹസികമായ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു.
കൊൽക്കത്തയിലെ ഹൗസ് അറസ്റ്റ്, ഹിറ്റ്ലറുമായുള്ള കൂടിക്കാഴ്ച, ജർമ്മൻ മുങ്ങിക്കപ്പലിൽ ജപ്പാൻ നിയന്ത്രണത്തിലുള്ള സുമാത്രയിലേക്കുള്ള സാഹസിക യാത്ര, തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ത്യൻ സൈനികരെ സംഘടിപ്പിച്ചുള്ള പടപ്പുറപ്പാട്, ഒടുവിൽ 1945 ആഗസ്റ്റ് 18ന് തായ്വാനിലെ സൈഗോമിൽ നിന്നും ടോക്കിയോവിലേക്ക് ഒരു കൊച്ചു വിമാനത്തിൽ രക്ഷപ്പെട്ടു പോകുമ്പോൾ ടേക്ക് ഓഫിനിടയിൽ വിമാനം നെടുകെ പിളർന്നുള്ള മരണം. അന്ന് അദ്ദേഹം മരണപ്പെട്ടുവോ…? അതോ അത് വെറും കെട്ടുകഥ മാത്രമായിരുന്നോ..? ഇത്തരം നിരവധി സംശയങ്ങളാണ് ഉള്ളത്.
സായുധ വിപ്ലവ ചിന്തകളുമായി കോൺഗ്രസ്സ് നേതൃത്വം യോജിക്കാതെ വരുമ്പോൾ അദ്ദേഹം അവരുമായി വേർപിരിയുന്നു. തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സ്വാതന്ത്ര്യസമരത്തിന് പിന്തുണ സംഘടിപ്പിക്കാനായി അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ. ജപ്പാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഐഎൻഎ രൂപീകരണവും ഒക്കെ അതിനുശേഷമുള്ള സംഭവ വികാസങ്ങളാണ്. 1945ൽ ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെടുന്നതോടെയാണ് നേതാജി തായ്വാനിൽ നിന്നും രക്ഷപ്പെടാൻ തീരുമാനിക്കുന്നത്.
നെടുകെ പിളർന്ന് അഗ്നിനാളങ്ങൾ വിഴുങ്ങിയ വിമാനത്തിൽ നിന്നും പുറത്തെടുത്ത നേതാജിക്ക് ഗുരുതരമായ പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും മണിക്കൂറുകൾക്കകം മരിച്ചു എന്നും രണ്ടാം ദിവസം ദഹിപ്പിക്കപ്പെട്ടു എന്നുമാണ് ജപ്പാൻ ഗവണ്മെന്റിന്റെ വാദം. എന്നാൽ അന്നത്തെ അദ്ദേഹത്തിന്റെ സന്തത സഹചാരികൾ ആരെയും അന്ന് ആ വിമാനത്തിൽ കൂടെപ്പോവാൻ അനുവദിച്ചിരുന്നില്ല. ആരും തന്നെ അപകടശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. മരിച്ച ശേഷവും അദ്ദേഹത്തെ കാണാൻ ആർക്കും അവസരം കൊടുത്തില്ല. ഒന്നിന്റെയും ഒരു ഫോട്ടോഗ്രാഫ് പോലും ഇല്ല. മരണസർട്ടിഫിക്കറ്റോ പോസ്റ്റുമോർട്ടം റിപ്പോർട്ടോ ഒന്നുമില്ല.
അതുകൊണ്ടു തന്നെ നേതാജിയുടെ ജീവൻ രക്ഷിക്കാനായി ജപ്പാൻ നടത്തിയ ഒരു നാടകമായിരുന്നു ഈ വിമാനാപകടം എന്നുവിശ്വസിക്കുന്നവർ കുറവല്ല. നേതാജിയുടെ അടുത്ത ബന്ധുക്കൾ പലരും ആ വിമാനാപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നേതാജി മരണപ്പെട്ടുവെന്നും. അന്നുതന്നെ ദഹിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ചിതാഭസ്മം ജപ്പാനിലേക്ക് വിമാനമാർഗ്ഗം കൊടുത്തയച്ചെന്നും അത് അവിടത്തെ റെങ്കോജി ടെംപിൾ എന്നൊരു ബുദ്ധക്ഷേത്രത്തിൽ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ടെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ചില ബന്ധുക്കളും അദ്ദേഹത്തിന്റെ സായുധ വിപ്ലവമാർഗ്ഗത്തിന്റെ ആരാധകരും ഇന്നും കരുതുന്നത് അദ്ദേഹം അന്ന് മരിച്ചിട്ടില്ല എന്നുതന്നെയാണ്.
അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അനേകം കഥകൾ പ്രചാരത്തിലുണ്ട്. 1956നും 99നും ഇടയ്ക്ക് ഈ സമസ്യ പരിഹരിക്കാനായി മൂന്നു കമ്മീഷനുകൾ നിയമിക്കപ്പെട്ടിട്ടുണ്ട്. 1956-ൽ ഷാനവാസ് കമ്മിറ്റി, 1970-ൽ ജസ്റ്റിസ് ജി ഡി ഖോസ്ലാ കമ്മീഷൻ, 1999-ൽ ജസ്റ്റിസ് മുഖർജി കമ്മീഷൻ എന്നിവ. 1964-ൽ അമേരിക്കൻ ചാരസംഘടനയായ CIA പോലും കരുതിയിരുന്നത് 1945-ൽ നേതാജി കൊല്ലപ്പെട്ടിരുന്നില്ല എന്നുതന്നെയാണ്. പിൽക്കാലത്ത് ഡീക്ളാസിഫൈ ചെയ്യപ്പെട്ട ചില CIA രേഖകളിൽ അവരുടെ ഒരു ഏജന്റ് തന്റെ മേലുദ്യോഗസ്ഥന് നേതാജി ജീവനോടുണ്ട് എന്നുള്ള സൂചനകളോടെ ഒരു കത്തെഴുതുന്നതായി പറയുന്നു.
” ബോസ് ഇന്ത്യയിലേക്ക് തിരിച്ചു ചെന്നാൽ പിന്നെ ഇന്ത്യയെ നിയന്ത്രിക്കുക എളുപ്പമാവില്ല.. ” എന്ന് അദ്ദേഹം കത്തിൽ കുറിക്കുന്നുണ്ട്. ഏതോ ഒരു രഹസ്യകേന്ദ്രത്തിൽ സന്യാസി വേഷത്തിൽ ജീവിതം നയിക്കുന്നുണ്ട് ബോസ് എന്ന സംശയവും ഈ കത്തുകളിൽ പങ്കുവെക്കപ്പെടുന്നുണ്ട്. മറ്റൊരു തിയറി പറയുന്നത്, തായ്വാനിൽ നിന്നും നേതാജി കടന്നത് അന്നത്തെ USSRലേക്കാണ് എന്നാണ്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ബ്രിട്ടീഷുകാരാൽ വധിക്കപ്പെടാതെ സുരക്ഷിതമായി പാർക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലം റഷ്യയാണെന്ന് നേതാജി കരുതിയിരുന്നു എന്നും.
മേജർ ജനറൽ ജി ഡി ബക്ഷി എഴുതിയ ‘Bose: The Indian Samurai – Netaji and the INA Military Assessment’ എന്ന പുസ്തകത്തിൽ പറയുന്നത് വിമാനാപകടം എന്ന നാടകത്തിന്റെ മറവിൽ റഷ്യയിലേക്ക് കടക്കുന്ന നേതാജി പിന്നീട് അവിടെ വെച്ച് ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിൽ അകപ്പെടുകയും ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ അവിടത്തെ ഏതോ തടവറയിൽ വെച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കി എന്നും ഒടുവിൽ ബോസ് ബ്രിട്ടീഷ് സൈന്യത്താൽ കൊല ചെയ്യപ്പെടുകയും ചെയ്തു എന്നുമാണ്. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രഞ്ച് ചരിത്രകാരൻ ജെബിപി മോർ 1947-ലെ ഫ്രഞ്ച് രഹസ്യപൊലീസ് രേഖകൾ പരിശോധിച്ച് തയ്യാറാക്കിയ പഠനത്തിൽ പറയുന്നത് 1947ൽ ബോസ് ജീവനോടെ ഉണ്ടായിരുന്നു എന്നാണ്.
ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ നേതാവും ഹികാകി മകാൻ എന്ന ജാപ്പനീസ് സംഘടനയിലെ അംഗവുമായിരുന്ന ബോസിനെപ്പറ്റി ആ രേഖയിൽ വ്യക്തമായി പറയുന്നുണ്ട്. 1945-ലെ വിമാനാപകടത്തിൽ ബോസ് മരിച്ചു എന്നുള്ള ബ്രിട്ടീഷ് തിയറിയിൽ ഫ്രാൻസിന് വിശ്വാസമില്ലെന്ന് വേണം കരുതാൻ. ബോസ് ഇന്ത്യയിലേക്ക് തിരിച്ചുവന്ന് ഗുംനാമി ബാബ എന്നപേരിൽ ഒരു സന്യാസിയായി രഹസ്യജീവിതം നയിച്ചുവെന്നും 1985-ൽ മരണപ്പെട്ടു എന്നും മറ്റൊരു കഥയും നിലവിലുണ്ട്. അദ്ദേഹം തായ്വാനിൽ നിന്നും രക്ഷപ്പെട്ടുകടന്ന ബോസ് പിന്നീട് ഒരു സന്യാസിയുടെ വേഷപ്പകർച്ചയിൽ ഇന്ത്യയിൽ തിരിച്ചെത്തി എന്നും നെഹ്രുവിന്റെ ശവസംസ്കാര ചടങ്ങിൽ ഈ സന്യാസി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും വരെ കഥകൾ പരന്നെങ്കിലും അതിന് ഉപോൽബലകമായി തെളിവുകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല.
1999ൽ ജസ്റ്റിസ് കെ.എം. മുഖർജി നേതൃത്വം കൊടുത്ത ‘മുഖർജി കമ്മീഷൻ’ നടത്തിയ അന്വേഷണത്തിലാണ് ഈ ‘സാധു തിയറി’ വീണ്ടും പൊങ്ങി വരുന്നത്. ഉത്തർപ്രദേശിൽ എവിടെയോ രഹസ്യമായി പാർക്കുന്ന ഒരു ‘ഗുംനാമി’ ബാബയെപ്പറ്റി ആ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ റിപ്പോർട്ട് പക്ഷേ ഗവണ്മെന്റ് തിരസ്കരിക്കുകയാണുണ്ടായത്. 2014ൽ NDA ഗവണ്മെന്റ് അധികാരത്തിൽ വന്ന ശേഷം സുഭാഷ് ചന്ദ്ര അഗർവാൾ എന്നൊരു വ്യക്തി നൽകിയ വിവരാവകാശ അപേക്ഷയിൽ ഇതുസംബന്ധിച്ച വിവരങ്ങൾ അടങ്ങിയ രഹസ്യരേഖകൾ പരസ്യമാക്കാൻ വിസമ്മതിച്ചുകൊണ്ടുള്ള മറുപടിയാണ് നൽകപ്പെട്ടത്.
ഈ വിവരങ്ങൾ വളരെ ‘സെൻസിറ്റീവ്’ ആണെന്നും മറ്റുരാഷ്ട്രങ്ങളുമായുള്ള ഭാരതത്തിന്റെ നയതന്ത്രബന്ധങ്ങളെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഷേധം. എന്നാൽ പിന്നീട് 2017-ൽ സായക് സെൻ എന്നൊരു വ്യക്തി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഇങ്ങനെ പറഞ്ഞിരുന്നു, “ഷാനവാസ് കമ്മിറ്റി, ജസ്റ്റിസ് ജി ഡി ഖോസ്ലാ കമ്മീഷൻ, ജസ്റ്റിസ് മുഖർജി കമ്മീഷൻ എന്നിവ നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ പഠിച്ചതിൽ നിന്നും നേതാജി സുഭാഷ് ചന്ദ്രബോസ് 1945-ൽ തായ്വാനിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടു എന്നുള്ള നിഗമനത്തിൽ ഗവണ്മെന്റ് എത്തിച്ചേരുന്നുണ്ട്.
Post Your Comments