കൊച്ചി: പട്ടാപ്പകല്‍ യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറുപ്പിച്ചു. കാറിന്റെ ബോണറ്റിലേയ്ക്ക് വീണ യുവാവിനെ തട്ടി താഴെയിട്ട് കാര്‍ പാഞ്ഞു പോയി. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ യുവാവുമായി 350 മീറ്ററോളം കാര്‍ സഞ്ചരിച്ചു. ഇതിനിടെ, ടയറുകയറിയും വീഴ്ചയിലും ഗുരുതര പരിക്കുപറ്റിയ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടുദിവസം മുന്‍പ് ഇടപ്പളളി-വൈറ്റില ദേശീയപാതയ്ക്ക് സമാന്തരമായ റോഡിലാണ് സംഭവം. വൈകീട്ട് നാലുമണിക്ക് മരോട്ടിച്ചോട് ജംഗ്ഷന് സമീപത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ നിഷാന്ത് എന്ന യുവാവിനാണ് അപകടത്തില്‍ പരിക്കേറ്റത്. കൂട്ടുകാരനൊപ്പം ഭക്ഷണം കഴിക്കാന്‍ നടന്നുപോകുന്നതിനിടെ, ഇടപ്പളളിയില്‍ നിന്ന് വൈറ്റില ഭാഗത്തേയ്ക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ തന്നെയുമായി കാര്‍ 350 മീറ്ററോളം സഞ്ചരിച്ചതായി നിഷാന്ത് പറയുന്നു. തുടര്‍ന്ന് സഡന്‍ ബ്രേക്കില്‍ തെറിച്ചുറോഡിലേക്ക് വീണ തന്റെ കാലിലൂടെ കാറിന്റെ ടയര്‍ കയറിയിറങ്ങിയതായും നിഷാന്ത് പറയുന്നു. എന്താണ് കാരണമെന്ന് മനസിലാകുന്നില്ലെന്നും ഒരു വാക്കുതര്‍ക്കവും ഉണ്ടായില്ലെന്നും നിഷാന്ത് പറയുന്നു.
രണ്ടുകാലിനും നടുവിനും ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ കാര്‍ അമിതവേഗതയില്‍ ആയതിനാല്‍ വണ്ടിനമ്പര്‍ വ്യകതമല്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു.
Post Your Comments