ബഹിരാകാശത്തു നിന്നും ശാസ്ത്രജ്ഞരെ അത്ഭുതവും ഒപ്പം ഭീതിയിലാഴ്ത്തുകയും ചെയ്ത് പുതിയ കണ്ടുപിടുത്തം. ആകാശഗംഗയിലെ തമോഗര്‍ത്തത്തില്‍ നിന്നും വരുന്നത് ഇന്‍ഫ്രാറെഡ് മിന്നലുകള്‍. തമോഗര്‍ത്തത്തിലെ രഹസ്യങ്ങള്‍ നമുക്ക് ഇന്നും അജ്ഞാതമാണ്. അതുകൊണ്ട് തന്നെ തമോഗര്‍ത്തങ്ങളെ സംബന്ധിച്ച ഓരോ പുതിയ കണ്ടെത്തലും ശാസ്ത്രലോകത്തെ ഏറെ ആകര്‍ഷിക്കാറുമുണ്ട്. നമ്മുടെ ഗാലക്‌സിയായ ആകാശഗംഗയുടെ നടുവിലെ തമോഗര്‍ത്തത്തില്‍ നിന്ന് പുറപ്പെട്ട ഇന്‍ഫ്രാറെഡ് മിന്നലുകളാണ് ജ്യോതിശാസ്ത്രരംഗത്തെ പുതിയ കൗതുകം.
Read Also : ഇന്ത്യയുടെ വീരനായകന്‍ കോക്പിറ്റില്‍ തിരിച്ചെത്തി; യുദ്ധവിമാനം പറത്തി അഭിനന്ദന്‍
ആകാശഗംഗ ഒരു സര്‍പ്പിള ഗാലക്‌സിയാണെന്നും ഇതിന്റെ മധ്യത്തിലായി സാജിറ്റെരിയസ് എ സ്റ്റാര്‍ (Sagittarius A*) എന്ന ഭീമന്‍ തമോഗര്‍ത്തം സ്ഥിതിചെയ്യുന്നു എന്നുമാണ് കരുതപ്പെടുന്നത്. ഇതുവരെയുള്ള തെളിവുകളെല്ലാം ഈ സിദ്ധാന്തത്തെ ശരിവെക്കുന്നതാണ്. നാല്‍പ്പത് ലക്ഷത്തോളം സൂര്യന്‍മാരുടെ ഭാരമുണ്ട് ഈ തമോഗര്‍ത്ത ഭീമന്. അതിഭീമമായ ഗുരുത്വാകര്‍ഷണബലം മൂലം തനിക്കടുത്തെത്തുന്ന എന്തിനേയും വിഴുങ്ങിക്കളയുന്ന ഇരുട്ടുമൂലകളാണ് തമോഗര്‍ത്തങ്ങള്‍. വളരെ കുറച്ച് സ്ഥലത്ത് വലിയ അളവില്‍ പിണ്ഡം കേന്ദ്രീകരിക്കപ്പെടുന്നതിനാല്‍ ഇവയ്ക്ക് സാന്ദ്രത ഏറെക്കൂടുതലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതിശക്തമായ ഗുരുത്വാകര്‍ഷണ വലിവ് മൂലം ഇവ സ്ഥലകാലങ്ങളെപ്പോലും വക്രീകരിക്കുന്നു. മാത്രമല്ല പ്രകാശമടക്കം ഒന്നിനേയും പുറത്ത് വിടാത്തത് കൊണ്ട് ഇവയെ നേരിട്ട് നിരീക്ഷിക്കാനുമാവില്ല. ഇവന്റ് ഹൊറൈസണ്‍ എന്ന തമോഗര്‍ത്തത്തിന്റെ അതിരിനപ്പുറം കടക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ അടക്കം ഒന്നിനും തിരിച്ചുവരാന്‍ കഴിയില്ല. എന്നാല്‍ ഇവന്റ് ഹൊറൈസണിന് തൊട്ടടുത്ത് എത്തുന്ന വസ്തുക്കള്‍ തമോഗര്‍ത്തത്തിന്റെ സ്വാധീനം മൂലം ചില കിരണങ്ങള്‍ പുറത്തുവിടാറുണ്ട്. ഇവയുടെ നിരീക്ഷണം വഴിയാണ് തമോഗര്‍ത്തത്തെപ്പറ്റി പരിമിതമായ തോതിലെങ്കിലും പഠിക്കാന്‍ കഴിയുന്നത്. സാജിറ്റെരിയസ് എ സ്റ്റാറിന് സമീപം ചില നക്ഷത്രങ്ങളുണ്ട്. ട0-2 ആണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ നക്ഷത്രങ്ങളുടെ നിരീക്ഷണം വഴിയും തമോഗര്‍ത്തത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്.
സാജിറ്റെരിയസ് എ സ്റ്റാര്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി തുടര്‍ച്ചയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. കെക്ക്- II (Keck-II) ടെലസ്‌കോപ്പിലെ ഇന്‍ഫ്രാറെഡ് കാമറകള്‍ ഉപയോഗിച്ചുള്ള നാല് ദിവസത്തെ തുടര്‍ച്ചയായ നിരീക്ഷണത്തിനിടെ, മേയ് 13 ന് ഈ തമോഗര്‍ത്തത്തിന് സമീപത്തുനിന്നുള്ള പ്രകാശതീവ്രത എഴുപത്തഞ്ച് മടങ്ങോളം കൂടിയതായി കണ്ടെത്തി. ഇത് ഏതാനും മണിക്കൂറുകള്‍ നീണ്ടുനിന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. കൂടാതെ ഏപ്രില്‍ 20നും സമാനമായ മിന്നല്‍ ഉണ്ടായിരുന്നത്രേ. എന്താണ് അഗ്‌നിപര്‍വതങ്ങളുടെ ഉണര്‍ന്നെണീക്കല്‍ പോലെ പെട്ടെന്നുള്ള ഈ മിന്നലിന്റെ കാരണം എന്ന അന്വേഷണത്തിലാണ് ഇവര്‍.
രണ്ട് സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. തമോഗര്‍ത്തത്തിന് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളില്‍ ഒന്നായ ട0-2 കഴിഞ്ഞ വര്‍ഷം തമോഗര്‍ത്തത്തിന് വളരെ അടുത്തുകൂടി കടന്നുപോയിരുന്നു. ഈ നക്ഷത്രത്തില്‍ നിന്ന് വലിച്ചെടുക്കപ്പെട്ട വാതകങ്ങള്‍ തമോഗര്‍ത്തത്തില്‍ പതിക്കുമ്പോഴുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ മൂലമാകാം ഇതെന്നാണ് ഒരു നിഗമനം. സാജിറ്റെരിയസ് എ സ്റ്റാറിന് സമീപത്തുള്ള ഭൂമിയുടെ ഏതാണ്ട് മൂന്നുമടങ്ങ് വലിപ്പമുള്ള വാതകപടലമാണ് ജി2. ഇത് വെറും വാതകക്കൂട്ടമാണോ അതോ അതിനുള്ളില്‍ ഏതെങ്കിലും നക്ഷത്രം ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തതയില്ല. 2014 ല്‍ ജി2 തമോഗര്‍ത്തത്തിന് ഏറ്റവും അടുത്തെത്തുമെന്നും അതിലേക്ക് വലിച്ചെടുക്കപ്പെട്ട് ഇല്ലാതാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. ഈ കണ്ടുമുട്ടല്‍ നിരീക്ഷിക്കാനായി ശാസ്ത്രജ്ഞരെല്ലാം കാത്തിരുന്നെങ്കിലും, കാര്യമായ വ്യത്യാസങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താനായില്ല. അന്ന് തമോഗര്‍ത്തത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട വാതകങ്ങള്‍ ഇവന്റ്ഹൊറൈസണില്‍ എത്തിച്ചേരുന്നത് ഇപ്പോഴാവാം എന്നതാണ് മറ്റൊരു വിശദീകരണം. ഏതായാലും കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ട്.
Post Your Comments