കൊല്ലം: പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആറു പേര്‍ക്കു പരിക്കേറ്റു. സിഐടിയു പ്രവര്‍ത്തകരായ മത്സ്യ കയറ്റിറക്കു തൊഴിലാളികളില്‍ ചിലര്‍ എഐറ്റിയുസിയിലേക്കു മാറിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണു പ്രശ്നങ്ങള്‍ക്കു തുടക്കം. കല്ലുംകടവ് പാലത്തിന് സമീപം ഇരുവിഭാഗം പ്രവര്‍ത്തകരും ചേര്‍ന്നാണു സംഘര്‍ഷമുണ്ടായത്.
ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് വാഹനമുള്‍പ്പെടെ ആറോളം വാഹനങ്ങളും തകര്‍ന്നു. സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പത്തനാപുരത്തെ മത്സ്യത്തൊഴിലാളികളുടെ ഈ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നാണു സൂചന.
ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കല്ലുംകടവില്‍ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ടു പാര്‍ട്ടി വിട്ടവരുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഡെന്‍സന്‍ വര്‍ഗീസ്, റെജിമോന്, നാലു പോലീസുകാര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പുനലൂര്‍-കായംകുളം റോഡ് ഉപരോധിച്ചു.
Post Your Comments