മണാലി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം നടി മഞ്ജു വാര്യര്‍ അടക്കമുള്ള സംഘം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന സംഘം ഇവിടെ എത്തിയത്. ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്ര എന്ന സ്ഥലത്താണ് നടീനടന്മാരും സംവിധായകനും ഷൂട്ടിങ്ങ് സംഘവും കുടുങ്ങിക്കിടക്കുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഛത്ര.
കനത്ത മണ്ണിടിച്ചിലും മഴയും കാരണം സംഘത്തിന് ഛത്രയില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. ഇവരോടൊപ്പം ചില വിനോദസഞ്ചാരികളും ഉണ്ടെന്നാണ് സൂചന. വെറും രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളത്. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലായിരിക്കുകയാണ്. സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.
മധുവാര്യര്‍ ഉടന്‍തന്നെ ഇക്കാര്യം കേന്ദ്ര മന്ത്രി വി മുരളീധരനെ അറിയിച്ചു. അദ്ദേഹം ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപെട്ടു. സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിമീ ദൂരെയാണ് ഛത്ര. ദിവസങ്ങളായി ഹിമാചല്‍പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. ഇരുപതിലേറെ പേര്‍ മരണപ്പെട്ടു. അഞ്ഞൂറോളം പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
Post Your Comments