സനല്‍ കുമാര്‍ ശശിധരന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ മഞ്ജുവാര്യരും സംഘവും പ്രളയത്തില്‍ കുടുങ്ങിയത് തന്നെ അറിയിച്ചത് നടന്‍ ദിലീപാണെന്ന് ഹൈബി ഈഡന്‍ എംപി. മഞ്ജുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് അവശ്യപ്പെട്ടതായും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് ഹൈബിയുടെ പോസ്റ്റ്.
അതേസമയം മഞ്ജു വാര്യരേയും സംഘത്തേയും രക്ഷപ്പെടുത്തിയെന്നും ഇവര്‍ സുരക്ഷിതരാണെന്നും സംഘം മണാലിയിലേക്ക് യാത്ര തിരിച്ചതായും കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഷൂട്ടിങ് സംഘവും വിനോദ സഞ്ചാരികളുമടക്കം 140 പേരാണ് ഹിമാചല്‍പ്രദേശിലെ ഛത്രയില്‍ കുടുങ്ങിയിരുന്നത്. മഞ്ജുവും സനലും അടക്കം ഷൂട്ടിങ് സംഘത്തില്‍ 30 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ മഴയും മണ്ണിടിച്ചലിനെയും തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.
ഹൈബി ഈഡന്റേ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.
നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം
Post Your Comments