തിരുവനന്തപുരം•മഴ ശമിച്ചതോടെ ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിച്ചാല്‍ പല പകര്‍ച്ചവ്യാധി രോഗങ്ങളില്‍ നിന്നും മുക്തി നേടാമെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടിവെള്ളം. ശുദ്ധമായ വെള്ളം കുടിച്ചില്ലെങ്കില്‍ മാരകമായ പല അസുഖങ്ങള്‍ക്കും കാരണമാകും. പ്രളയബാധിത പ്രദേശത്തിന്റെ വ്യാപ്തി വലുതായതിനാല്‍ എല്ലാ സ്ഥലങ്ങളിലും ശുദ്ധജലമെത്തിക്കുക പ്രായോഗികവുമല്ല. അതിനാല്‍ തങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന വെള്ളം ശുദ്ധജലമാക്കുക എന്നതാണ് പ്രധാനം. കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്. തെളിഞ്ഞ വെള്ളം തിളപ്പിച്ചതിനു ശേഷമോ ക്ലോറിനേറ്റ് ചെയ്ത ശേഷമോ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. അമിതമായ അളവില്‍ ക്ലോറിന്‍ ലായനി ചേര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാല്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗരേഖകള്‍ ശ്രദ്ധിക്കുക.
കിണര്‍/ടാങ്ക് ക്ലോറിനേഷന്‍ ചെയ്യേണ്ടുന്നവിധം (സൂപ്പര്‍ ക്ലോറിനേഷന്‍)
ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖ ആധാരമാക്കി കിണറ്റിലെ വെള്ളത്തിന്റെ അളവ് കണ്ടെത്തി ഓരോ 1000 ലിറ്ററിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ആണ് ഉപയോഗിക്കേണ്ടത്. ഇതിനെ ലായിനി രൂപത്തിലാക്കി ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ് വെള്ളത്തിന് 5 ഗ്രാം (ഒരു ടീ സ്പൂണ്‍) ബ്ലീച്ചിങ് പൗഡര്‍ എന്ന കണക്കില്‍ ഉപയോഗിക്കാം.
ഒരു ബക്കറ്റില്‍ ഇങ്ങനെ കണക്കു കൂട്ടിയെടുത്ത ബ്ലീച്ചിങ് പൗഡര്‍ കുറച്ചു വെള്ളം ചേര്‍ത്ത് ഒരു പേസ്റ്റ് പരുവത്തിലാക്കുക. ഈ പേസ്റ്റിനെ ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത് ആഴ്ചയില്‍ രണ്ടു തവണ വച്ച് രണ്ടു മാസം തുടരേണ്ടതാണ്.
ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം
വെള്ളം ശുദ്ധീകരിക്കാന്‍ ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ അതും ഉപയോഗിക്കാം. ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയാണ് (500 മില്ലിഗ്രാം) ഉപയോഗിക്കേണ്ടത്. ക്ലോറിന്‍ ഗുളിക ഇട്ടു കഴിഞ്ഞാല്‍ ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ. ഏതു മാര്‍ഗമുപയോഗിച്ചു ക്ലോറിനേറ്റ് ചെയ്തതിനു ശേഷവും വെള്ളം തിളപ്പിച്ചുപയോഗിക്കുന്നതാണ് അഭികാമ്യം.
തിളപ്പിക്കുന്നതിനോ ക്ലോറിനേറ്റ് ചെയ്യുന്നതിനോ തെളിഞ്ഞ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. അണുക്കളെ നശിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം തിളപ്പിക്കുക എന്നതാണ്. അടിയ്ക്കടി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിസര്‍ജ്യ വസ്തുക്കള്‍ കുടിവെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കുകയും വേണം.
Post Your Comments