ഹരിയാനയിൽ കോൺഗ്രസ് മറ്റൊരു പിളർപ്പിലേക്കാണോ? അതിന്റെ ചില ലക്ഷണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഇന്ന് മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ സംഘടിപ്പിച്ച റാലി യഥാർഥത്തിൽ ഒരു സമാന്തര പാർട്ടി പരിപാടിയായിരുന്നു; പിസിസി അധ്യക്ഷനെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ശക്തിപ്രകടനം. അതിന് ഹൂഡ തിരഞ്ഞെടുത്തതാവട്ടെ റോഹ്ത്തക്കും. രണ്ടു ദശാബ്ദത്തിന് മുൻപ് സോണിയ ഗാന്ധി ആദ്യമായി ഒരു റാലിയിൽ പങ്കെടുത്തത് അതെ നഗരത്തിലാണ്……. 1998 ൽ. അന്ന് ഭജൻലാൽ ആയിരുന്നു മുഖ്യമന്ത്രി എങ്കിലും റാലി സംഘടിപ്പിച്ചത് ഹൂഡയാണ്. അങ്ങിനെ ഒരുകാലത്ത് സോണിയയുടെ വിശ്വസ്തനായിരുന്ന ഭൂപീന്ദർ സിങ് ഹൂഡ ഇന്ന് അതേവേദിയിൽ തന്നെ സോണിയയുടെ നേതൃത്വത്തെ വെല്ലുവിളിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിലേക്ക് എത്തുമോ അതോ സോണിയയുടെ അംഗീകാരം പിടിച്ചുവാങ്ങാൻ ഇതിലൂടെ ശ്രമിക്കുമോ എന്നതൊക്കെ വരും നാളുകളിലെ വ്യക്തമാവൂ. എന്തായാലും സോണിയ ഗാന്ധി പാർട്ടി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുത്തശേഷം നേരിടാൻ പോകുന്ന ഏറ്റവും പുതിയ, അതോടൊപ്പം ഏറ്റവും വലിയ, വെല്ലുവിളി ഇതുതന്നെയാവും.
ഏതാനും ആഴ്ചകൾക്കകം മഹാരാഷ്ട്ര , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് ഹരിയാനയും പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി കുറച്ചുനാളുകളെ ഉള്ളു എന്നർത്ഥം. കഴിഞ്ഞദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഔപചാരികമായി ബിജെപിയുടെ പ്രചാരണം അവിടെ തുടങ്ങിവെച്ചത്. ആയിരങ്ങൾ പങ്കെടുത്ത റാലിയായിരുന്നു ജിൻഡിൽ നടന്നത് . പരിവർത്തന യാത്രയും ബിജെപി അവിടെ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കോൺഗ്രസിന് അവിടെ ഒന്നും ചെയ്യാനായിട്ടില്ല. ആഭ്യന്തര പ്രശ്നങ്ങൾ തന്നെയാണ് പ്രധാനം. ഹൂഡമാരെ അകറ്റിനിർത്താനായിരുന്നു നേരത്തെ രാഹുൽ ഗാന്ധി തയാറായത്. എന്തോ വലിയ വിരോധത്തോടെയാണ് തങ്ങളൂടെ രാഹുൽ പെരുമാറിയത് എന്നതാണ് മുൻ മുഖ്യമന്ത്രിയുടെ തോന്നൽ . തന്റെ വിശ്വസ്തനായ അശോക് തൽവാറിനെ രാഹുൽ പിസിസി പ്രസിഡന്റാക്കി. അന്ന് മുതൽ ഹൂഡ ഹൈക്കമാണ്ടിൽ നിന്ന് അകന്നു നിൽക്കുകയാണ്. മൂന്ന് വര്ഷം മുൻപ് ഹൈക്കമാൻഡ് നിശ്ചയിച്ച സ്ഥാനാർഥിയെ, ആർകെ ആനന്ദിനെ, രാജ്യസഭയിലേക്ക് പിന്തുണക്കാൻ ഹൂഡ തയ്യാറാവാതിരുന്നത് മുതലാണ് രാഹുലുമായുള്ള ബന്ധം തീരെ വഷളായത് . നിയമസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് അപ്പാടെ പുറംതള്ളപ്പെട്ടതോടെ രാഹുൽ ഗാന്ധി ഹൂഡമാർക്ക് കൂടുതൽ എതിരായി. മാത്രമല്ല, ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് നിയമസഭയിലേക്ക് സീറ്റ് കൊടുക്കേണ്ടതില്ല എന്ന നിലപാടും പിസിസി അധ്യക്ഷൻ സ്വീകരിച്ചു. പരാജയപ്പെട്ടവരിൽ മുൻ മുഖ്യമന്ത്രി ഹൂഡയും മകനുമുണ്ട്. അതോടെയാണ് പരസ്യമായി രംഗത്തുവരാൻ അവർ തയ്യാറായത്.
ഹരിയാനയിലെ പതിനാറു കോൺഗ്രസ് എംഎൽഎമാരിൽ 12 പേരും ഇപ്പോൾ വിമത പക്ഷത്താണ്. അതാണ് ഹൂഡയുടെ കരുത്തും. ഇപ്പോൾ തെന്നെ അംഗീകരിക്കാനും തന്റെ താല്പര്യങ്ങൾക്ക് വഴങ്ങാനും ഹൈക്കമാൻഡ് വിസമ്മതിച്ചാൽ പ്രതിപക്ഷത്തു പോലും ഈ പാർട്ടിയുണ്ടാവില്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയാണ്. രാഹുൽ ഗാന്ധി കാട്ടിക്കൂട്ടിയ വിവരക്കേടുകൾ അംഗീകരിക്കാനാവില്ല എന്ന സന്ദേശവും അവർ സോണിയക്ക് നൽകുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത്, എന്നും സോണിയയുടെ വിശ്വസ്തനായിരുന്നു ഹൂഡ എന്നതാണ്. ഭജൻലാലിനെ മാറ്റി ഹൂഡയെ മുഖ്യമന്ത്രിയാക്കിയത് സോണിയയാണ്. അത് മാത്രമല്ല അതിനുശേഷം സോണിയ പറഞ്ഞതൊക്കെ അദ്ദേഹം ചെയ്തിട്ടുമുണ്ട്. റോബർട്ട് വാദ്രക്ക് വേണ്ടി അനധികൃതമായി ഭൂമി വാങ്ങിക്കൊടുത്തതും മറ്റും വലിയൊരു തട്ടിപ്പായിരുന്നുവല്ലോ. അതിൽ ഹൂഡ വ്യക്തിപരമായി എന്തെങ്കിലും നേടിയതായി ആരും പറയുന്നില്ല; പക്ഷെ ചെയ്തതൊക്കെ സോണിയ പരിവാറിന് വേണ്ടി. ആ തട്ടിപ്പുകളുടെ പേരിൽ ഹൂഡ ഇപ്പോൾ കോടതി കയറുകയാണ്; എൻഫോഴ്‌സ്‌മെന്റ് അധികൃതർ ചോദ്യം ചെയ്തതിന് കയ്യും കണക്കുമില്ല. യഥാർഥത്തിൽ ഈ ക്രമക്കേടുകൾ ഒക്കെ റോബർട്ട് വാദ്രക്ക് വേണ്ടിയായിരുന്നു. അതുകൊണ്ട് ഹൂഡ പരിവാറിനെ കൂടെ നിർത്തേണ്ടത് സോണിയയുടെ ആവശ്യമായി മാറുക തന്നെ ചെയ്യും. അതാണ് ഹൂഡ ചിന്തിക്കുന്നത്, പ്രതീക്ഷിക്കുന്നത് .
ഇവിടെ ശ്രദ്ധിക്കേണ്ടത്, കശ്മീർ പ്രശ്നം ഉയർന്നപ്പോൾ കേന്ദ്ര സർക്കാർ നിലപാടിനെ പരസ്യമായി പിന്തുണക്കാൻ ഈ മുൻ മുഖ്യമന്ത്രിയുടെ മകൻ ദീപേന്ദർ ഹൂഡ തയ്യാറായി എന്നതാണ്. ജ്യോതിരാദിത്യ സിന്ധ്യയും മറ്റും സ്വീകരിച്ച നിലപാടിനൊപ്പമായിരുന്നു ആ മുൻ കോൺഗ്രസ് എംപി. ഹൈക്കമാൻഡ് എടുത്ത നിലപാടിനെതിരെ നീങ്ങാൻ മടിക്കില്ല എന്ന സൂചന നൽകിയതാണ് അന്ന്. അവിടെ നിന്നാണ് പരസ്യമായി ഒരു റാലി സംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.
ഹരിയാന രാഷ്ട്രീയത്തിൽ ഇതൊക്കെ അസാധാരണമായ കാര്യമൊന്നുമല്ല. ദേവിലാൽ, ഭജൻലാൽ തുടങ്ങിയ നേതാക്കൾ അതൊക്കെ അവിടെ പലവട്ടം പയറ്റിയിട്ടുണ്ട്. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ ഹൂഡ എത്തിനിൽക്കുന്നത് . ജാതി രാഷ്ട്രീയമാണ് അവരെ ഒക്കെ വളർത്തിയത്. എന്നാലിന്നിപ്പോൾ ഹരിയാനയിൽ ആ ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനം തകർക്കാൻ ബിജെപിക്കായി. അതും ഇക്കൂട്ടരെ അലട്ടിയിട്ടുണ്ട്. വിഭജനം കോൺഗ്രസിലുണ്ടായാൽ അതിനെ ബിജെപി സ്വാഗതം ചെയ്യുമായിരിക്കും; എന്നാൽ തല്ക്കാലം ഹൂഡമാരെ പാർട്ടിയിലേക്ക് കൊണ്ടുവരാനാവില്ല അമിത് ഷാ ആഗ്രഹിക്കുക എന്നതാണ് കരുതേണ്ടത്. അവിടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ഹൂഡമാർ മത്സ്രരിച്ചാൽ അതാവും ബിജെപിക്ക് ഏറെ സഹായകരമാവുക.
Post Your Comments