Latest NewsIndia

ജനങ്ങള്‍ മുംബൈ എന്ന മഹാനഗരത്തെ കൈവിടുന്നു : കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുംബൈ വിട്ടവരുടെ കണക്കുകളും അതിനുള്ള കാരണങ്ങളും പുറത്ത്

മുംബൈ: ഒരുകാലത്ത് ജനങ്ങളുടെ ഇഷ്ടനഗരമായിരുന്നു മുംബൈ. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് 1980-1995 കാലഘട്ടത്തില്‍ ജോലി തേടിയെത്തിയ പലരും അവിടെത്തന്നെ സ്ഥിരതാമസമാക്കി. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തനിടയ്ക്ക് 9 ലക്ഷം ജനങ്ങളാണ് ഈ മഹാനഗരത്തെ കൈയ്യൊഴിഞ്ഞത്.

ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടികാണിയ്ക്കുന്നത് ഇവിടെത്തെ ഉയര്‍ന്ന ജീവിത ചെലവാണ്. ജനങ്ങള്‍ ജീവിതച്ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. സമീപജില്ലകളിലേക്കാണ് പലരും കുടിയേറിയത്. താനെ ജില്ലയിലേക്കുമാത്രം എട്ടുലക്ഷത്തോളംപേരാണ് താമസംമാറിയത്. ഒരുലക്ഷംപേര്‍ റായ്ഗഡ് ജില്ലയിലേക്കും. 2011-ലെ കാനേഷുമാരിപ്രകാരമുള്ള കണക്കാണിത്. ഇടത്തരം കുടുംബങ്ങളില്‍പ്പെട്ടവരാണ് കൂടുതലായി മുംബൈ വിടുന്നത്. 2001 മുതല്‍ 2011 വരെ താനെയില്‍ 29.3 ലക്ഷംപേരാണ് കൂടുതലായെത്തിയത്.

ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്കുള്ള ഫ്‌ളാറ്റുകള്‍ മുംബൈ നഗരത്തില്‍ ലഭ്യമല്ലാത്തതാണ് പ്രധാനപ്രശ്‌നം. നവിമുംബൈ, താനെ ഉള്‍പ്പെടെയുള്ള സമീപപ്രദേശങ്ങളില്‍ സ്ഥലസൗകര്യമുള്ള വീട് താരതമ്യേന വിലക്കുറവില്‍ ലഭ്യമാവുന്നുണ്ട്. ഈ പ്രദേശങ്ങളില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രാസൗകര്യം വര്‍ധിച്ചതിനാല്‍ ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും മുംബൈയില്‍ എത്തിപ്പെടാന്‍ കഴിയുന്നുമുണ്ട്.

മുംബൈയിലെ ചെറിയ വീട് വീറ്റുകിട്ടിയ വലിയ തുക കൊണ്ട് വാഷി, സാന്‍പാഡ, മീരാ-ഭയന്തര്‍ പ്രദേശങ്ങളില്‍ സൗകര്യമുള്ള ഫ്‌ളാറ്റുകള്‍ വാങ്ങുന്നവരാണ് കൂടുതലും. മലയാളികളും തമിഴരും വിട്ടുപോയതോടെ മാട്ടുംഗ ഗുജറാത്തികളുടെ പ്രധാനകേന്ദ്രമായി മാറിക്കഴിഞ്ഞു. താനെ കഴിഞ്ഞാല്‍ റായ്ഗഡ് ആണ് കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട നഗരം. പനവേല്‍, തലോജ തുടങ്ങിയ സ്ഥലങ്ങളിലേക്കും ജനം കൂടുതലായി എത്തുന്നുണ്ട്. നവിമുംബൈയിലെ നിര്‍ദിഷ്ട വിമാനത്താവളം ഇവിടേക്കു മാറാനും ജനത്തെ പ്രേരിപ്പിക്കുന്നു.

2011-ലെ കാനേഷുമാരിപ്രകാരം മുംബൈയില്‍ ജനസംഖ്യ എട്ടുശതമാനം കുറഞ്ഞപ്പോള്‍ താനെയില്‍ 44 ശതമാനം കൂടി. വസായ് വിരാറില്‍ 135.4 ശതമാനം വര്‍ധനയും ബദലാപുരില്‍ 79.19 ശതമാനം വര്‍ധനയും മീരാ ഭയന്തറില്‍ 56.5 ശതമാനം വര്‍ധനയുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button