മലപ്പുറം: സംസ്ഥാനത്ത് പെയ്ത കനത്തമഴയില്‍ ഏറെ ആള്‍നാശം വിതച്ച് മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ട് ഒരാഴ്ചയായി. 75 ലധികം പേരാണ് രണ്ട് സ്ഥലങ്ങളിലുമായി മണ്ണിനടിയില്‍ അകപ്പെട്ട് മരിച്ചത്. ഇപ്പോഴും മൃതദ്ദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് . ഇതിനായി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ അബോധാവസ്ഥയിലാകും മരണപ്പെട്ടിട്ടുണ്ടാകുക എന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു.
”ഭാരമുള്ള എന്തോ ഒന്ന് ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും. മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം”, കവളപ്പാറയിലെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം െചയ്യുന്ന സംഘത്തിലെ ഡോക്ടറുടെ വാക്കുകള്‍.
മഞ്ചേരി മെഡിക്കല്‍ കോളജിലെ നാല് ഡോക്ടര്‍മാരാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. ഇതുവരെ മുപ്പതോളം പേരുടെ പോസ്റ്റ്മോര്‍ട്ടം ചെയ്തുകഴിഞ്ഞു. ഇപ്പോഴും മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ ലെജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍ മുജാഹിദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.
Post Your Comments