Latest NewsKerala

ത്യാഗത്തിനു വിലയിടുന്നവരോട് മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത് : വിമർശനവുമായി ജോയ് മാത്യു ജോയ് മാത്യു

തിരുവനന്തപുരം : പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവൻ വെടിഞ്ഞ ലിനുവിന്റെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് കടയിലുള്ള വസ്ത്രങ്ങൾ മുഴുൻ നൽകിയ നൗഷാദിന്റെയും ത്യാഗത്തെ ഓരോ പാര്‍ട്ടിയുടെ അക്കൗണ്ടിലാക്കാന്‍ ശ്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യു.

ത്യാഗത്തിനു വിലയിടുന്നവരോട് മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്. നൗഷാദ് തന്റെ കര്‍മ്മത്തിലൂടെ മലയാളിയുടെ മനസ്സില്‍ ഇതിഹാസമാവുമ്പോൾ ചിലർ നൗഷാദ് തങ്ങളുടെ പാര്‍ട്ടിക്കാരനാണ് എന്ന് പറഞ്ഞു അയാളുടെ സി.ഐ.ടി.യു മെമ്പര്‍ഷിപ്പ് കാര്‍ഡും പൊക്കിപ്പിടിച്ചു രംഗത്ത് വരുന്നു. ഇപ്പോഴിതാ. രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളെക്കെട്ടില്‍ വീണ് മരണമടഞ്ഞ ചെറുവണ്ണൂര്‍ക്കാരന്‍ ലിനു എന്ന യുവാവ് തങ്ങളുടെ ഭാഗത്തു നിന്നുള്ള ത്യാഗമാണ് എന്ന് പറഞ്ഞു സേവാഭാരതി രംഗത്ത് വന്നു. എന്നാല്‍ മരണപ്പെട്ട ലിനു സേവാഭാരതിക്കാരനല്ല എന്ന് മറ്റൊരു കൂട്ടര്‍. ഷാദിന്റെ നന്മയും ലിനുവിന്റെ ത്യാഗവും അവരോട് അവരുടെ പാര്‍ട്ടി പറഞ്ഞിട്ട് ചെയ്തതല്ല. അങ്ങിനെ അവരാരും പറഞ്ഞിട്ടുമില്ല. ഒരു പ്രസ്ഥാനവും ഒരു മതവും പറയാത്ത മാനവികത ഉള്ളിലുള്ളവരായിരുന്നു അവരെല്ലാം എന്ന് കരുതാനാണ് നമ്മള്‍ ഇനിയെങ്കിലും പഠിക്കേണ്ടതെന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

ത്യാഗത്തിനു വിലയിടുന്നവരോട് ———————————–

മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായത്.  നൗഷാദ് എന്ന സാധാരണക്കാരനായ വസ്ത്രക്കച്ചവടക്കാരൻ തനിക്കുള്ളത് മുഴുവൻ ദുരിതബാധിതർക്ക് നൽകുമ്പോൾ അതു ഒരു ബൈബിൾ കഥയെ ഓർമ്മപ്പെടുത്തുന്നു. വിധവയുടെ രണ്ടു വെള്ളിക്കാശ് എന്ന കഥ ബൈബിൾ വായിച്ചവർക്ക് അറിയുമായിരിക്കും. നൗഷാദ് തന്റെ കർമ്മത്തിലൂടെ മലയാളിയുടെ മനസ്സിൽ ഇതിഹാസമാവുകയാണ്. എന്റെ സുഹൃത്തും സഹപ്രവർത്തകനായ ശ്രീ തമ്പി ആന്റണി (എഴുത്തുകാരനും നടനും )നൗഷാദിന് അയാളുടെ ബിസിനസ്സ് സംരഭത്തിലേക്ക് 50000രൂപനൽകാൻ സന്നദ്ധത കാണിക്കുന്നു. ഇനിയും സമാനമനസ്കർ നൗഷാദിനെ സഹായിക്കാൻ വരും. അപ്പോഴാണ് ചിലർ നൗഷാദ് തങ്ങളുടെ പാർട്ടിക്കാരനാണ് എന്ന് പറഞ്ഞു അയാളുടെ CITU മെമ്പർഷിപ്പ് കാർഡും പൊക്കിപ്പിടിച്ചു രംഗത്ത് വരുന്നത്. ആയ്ക്കോട്ടെ. ഒരാൾക്ക് വിശ്വസിക്കാൻ ഇഷ്ടം പോലെ പ്രസ്ഥാനങ്ങളുണ്ടല്ലോ.
ഇപ്പോഴിതാ രക്ഷാപ്രവർത്തനത്തിനിടക്ക് വെള്ളെക്കെട്ടിൽ കാണാതായ ചെറുവണ്ണൂർക്കാരൻ ലിനു എന്ന യുവാവ് തങ്ങളുടെ ഭാഗത്തു നിന്നുള്ള ത്യാഗമാണ് എന്ന് പറഞ്ഞു സേവാഭാരതി രംഗത്ത് വന്നിരിക്കുന്നു.

എന്നാൽ മരണപ്പെട്ട ലിനു സേവാഭാരതിക്കാരനല്ല എന്ന് മറ്റൊരു കൂട്ടർ.
സത്യത്തിൽ നൗഷാദിന്റെ നന്മയും ലിനുവിന്റെ ത്യാഗവും അവരോട് അവരുടെ പാർട്ടി പറഞ്ഞിട്ട് ചെയ്തതല്ല. അങ്ങിനെ അവരാരും പറഞ്ഞിട്ടുമില്ല. കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ മറുനാട്ടുകാരെ രക്ഷിക്കാൻ ജീവൻ കൊടുത്ത നൗഷാദ് ഏതു പാര്‍ട്ടിക്കാരനാണെന്ന് നമ്മൾ ഇതുവരെ അറിഞ്ഞില്ല.അന്വേഷിച്ചുമില്ല. ഒരു പ്രസ്ഥാനവും ഒരു മതവും പറയാത്ത മാനവികത ഉള്ളിലുള്ളവരായിരുന്നു അവരെല്ലാം എന്ന് കരുതാനാണ് നമ്മൾ ഇനിയെങ്കിലും പഠിക്കേണ്ടത്.
അവരുടെ മഹത്വവും അതാണ്.
അതിനെ ദയവായി ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ വാലിൽ ചുരുക്കിക്കെട്ടരുത്.
കുട്ടികളെയെങ്കിലും വഴിതെറ്റിക്കാതിരിക്കൂ.
അല്ലെങ്കിൽ ഇനിയും പ്രളയം വരുത്തണേ എന്നാലേ ഞങ്ങൾ മനുഷ്യരിലെ നന്മ തിരിച്ചറിയൂ എന്ന് പ്രാർത്ഥിക്കേണ്ടിവരും.
(ആരോട് പ്രാർത്ഥിക്കണം എന്നത് മറ്റൊരു വിഷയം )

shortlink

Related Articles

Post Your Comments

Related Articles


Back to top button