തിരുവനന്തപുരം: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. എലിപ്പനി ബാധിക്കാതിരിക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
എന്താണ് എലിപ്പനി?
ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
രോഗാണുവാഹകരയായ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.
രോഗ ലക്ഷണങ്ങള്‍
പനി, പേശി വേദന (കാല് വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്കുകയാണെങ്കില് പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?
ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന് തന്നെ അപകടത്തിലാവുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.
പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍
1. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും തുടങ്ങി മലിനജലത്തില്‍ ഇറങ്ങുന്നവര്‍ (ഗര്‍ഭിണികളും 12 വയസിന് താഴെയുള്ള കുട്ടികളും ഒഴികെ) നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്സിസൈക്ലിന്‍ (Doxycycline 200 mg) നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലമത്രയും ആഴ്ചയിലൊരിക്കല്‍ ഈ ഗുളിക കഴിക്കേണ്ടതാണ്.
2. രണ്ട് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 4 എം.ജി./കിലോഗ്രാം ഡോക്സിസൈക്ലിന്‍ ആഴ്ചയിലൊരിക്കല്‍ ഭക്ഷണത്തിന് ശേഷം നല്‍കണം.
3. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വെറും വയറ്റില്‍ അസിത്രോമൈസിന്‍ (Azithromycin) 10 എം.ജി./കിലോഗ്രാം നല്കിയാല് മതിയാകും.
4. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും 500 എം.ജി. അമോക്സിലിന്‍ (Amoxicillin 500 mg) ഗുളിക ദിവസവും 3 നേരം ഭക്ഷണത്തിന് ശേഷം 5 ദിവസത്തേക്ക് കഴിക്കേണ്ടതാണ്.
5. പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്.
6. പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
7. പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും ഗുരുതരാവസ്ഥയിലെത്തിക്കും.
8. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ ഗുളിക കഴിക്കാന്‍ വിട്ടുപോയവര്‍ എത്രയും വേഗം ആഹാരത്തിന് ശേഷം കഴിക്കേണ്ടതാണ്.
Post Your Comments