തിരുവനന്തപുരം: കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
മഴ കൂടുതല്‍ ശക്തി പ്രാപിക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കണ്ണൂരിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും വയനാട്ടിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട വിധം ഉയര്‍ന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നു. 18 ഡാമുകളുടെ ഷട്ടറുകളാണ് നിലവില്‍ തുറന്നിരുന്നു. സംസ്ഥാനത്ത് രണ്ടര ലക്ഷം പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. 838 വീടുകള്‍ പൂര്‍ണമായും 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മഴ ശക്തമായതിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന കേരള സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും പിഎസ്സി വകുപ്പ് തല പരീക്ഷകളും മാറ്റിയിട്ടുണ്ട്.
Post Your Comments