മലപ്പുറം: കോട്ടക്കുന്നില്‍ മലയിടിഞ്ഞ് വീണ് മരിച്ചവരില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തു. ചാത്തക്കുളം ശരത്തിന്റെ ഭാര്യ ഗീതു (22) മകന് ധ്രുവന് (ഒന്നര) എന്നിവരുടെ മൃതദേഹമാണ് മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തത്. തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു മൃതദേഹങ്ങള്‍. എന്നാല്‍ ഗീതു അപ്പോഴും മകന്റെ കൈ മുറുകെ പിടിച്ചിരിക്കുന്ന കാഴ്ച്ച രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നെഞ്ചില്‍ നോവായി മാറി.
കനത്ത മഴയായിരുന്നതിനാല്‍ രണ്ട് ദിവസത്തിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.ഗീതുവിന്റെ ഭര്‍ത്താവ് ശരത്ത് തലനാരിഴയ്ക്കായിരുന്നു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.ശരത്തിന്റെ അമ്മയെയും മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് മറ്റൊരുവശത്തേക്ക് തിരിച്ചുവിടുകയായിരുന്നു.
ഈ സമയത്താണ് നേരത്തേ വിണ്ടുകീറി നിന്നിരുന്ന മലയുടെ ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞ് താഴേക്ക് പതിച്ചത്. ശരത്ത് അമ്മയുടെ കൈയുംപിടിച്ച് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷ നേരംകൊണ്ട് ഓടിട്ട വീട് ഒന്നാകെ മണ്ണിനടിയില്‍ അമര്‍ന്നു. ഇതിനകത്തുണ്ടായിരുന്ന ഭാര്യയും മകനും അതിനടിയില്‍പ്പെട്ടു. മൂവരും മരിച്ചത് ശരത്തിന്റെ കണ്മുന്പില് വെച്ചാണ്. ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും ശക്കീബ് അത്ഭുതകരമായി രക്ഷപ്പെട്ടു.
സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല. പ്രണയ വിവാഹമായിരുന്നു ഗീതുവിന്റെയും ശരത്തിന്റെയും. ഗീതുവിന്റെ വീട്ടുകാരുടെ പിണക്കം മാറി വരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനിടെയാണ് ഈ ദുരന്തം.
Post Your Comments