തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ രണ്ടു ദിവസം കൂടി ജാഗ്രത തുടരണം. മഴക്കെടുതിയില്‍ രാവിലെ 9 മണിവരെയുള്ള കണക്ക് അനുസരിച്ച് 60 മരണം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
മലയോര മേഖലകളിലാണ് പ്രധാനമായും ദുരന്തങ്ങള്‍ ഉണ്ടായത്. ഇവിടങ്ങളില്‍ വിവിധ തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഉരുള്‍പൊട്ടല്‍ നാശം വിതച്ച കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസേനയും അഗ്‌നിരക്ഷാസേനയും രംഗത്തുണ്ട്. തിരച്ചിലിനായി അഞ്ച് മണ്ണുമാന്ത്രി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. മഴയെത്തുടര്‍ന്ന് മണ്ണ് കുഴഞ്ഞ് ചെളിയായി മാറിയിരിക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.
മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം നല്ല നിലയില്‍ തുടരുന്നു. പുത്തുമലയില്‍ 8 പേരെ കൂടി കണ്ടെത്താനുണ്ട്. ഒമ്പത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. പുത്തുമലയുടെ മറുഭാഗത്തുകുടുങ്ങിയ 70 പേരെ അതിസാഹസികമായി മറുകരയിലെത്തിക്കാന്‍ കഴിഞ്ഞു. റാണിമലയില്‍ ഒറ്റപ്പെട്ടു പോയ 60 പേരെ വനത്തിലൂടെ 10 കി മി സഞ്ചരിച്ച് മറുകരയില്‍ എത്തിച്ചു. അവശേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക ക്യാമ്പ് സ്ഥാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട് വെള്ളം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചുിട്ടുണ്ട്.
Post Your Comments