പുത്തുമല: പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായ അജിതയുടെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. കണ്‍മുന്‍പില്‍ നിന്ന് ഭാര്യയെ മലവെള്ളം കൊണ്ടുപോയ നടുക്കത്തിലാണ് ഭര്‍ത്താവ് ചന്ദ്രന്‍. ‘ദുരിതാശ്വാസ ക്യാംപിലേക്ക് മാറുകയാണെങ്കില്‍ ആധാര്‍ കാര്‍ഡ് വേണ്ടിവരുമെന്നു പറഞ്ഞാണ് അവള്‍ വീട്ടിലേക്കു തിരിച്ചുകയറിയത്. ആധാര്‍ കാര്‍ഡെടുത്തു പെട്ടെന്നു തിരിച്ചുവരാമെന്നു പറഞ്ഞു. പക്ഷേ…’ ചന്ദ്രന് വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല.
ALSO READ: പ്രളയ ജലത്തോട് ഒറ്റയ്ക്ക് പൊരുതി : ധീരതയോടെ ഈ പോലീസുകാരൻ രക്ഷപ്പെടുത്തിയത് രണ്ടു കുട്ടികളുടെ ജീവൻ
ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒഴുകിപ്പോയ എസ്റ്റേറ്റ് പാടിയിലാണ് ചന്ദ്രനും കുടുംബവും താമസിച്ചിരുന്നത്. ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്നു പച്ചക്കാട് പ്രദേശത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയ വിവരമറിഞ്ഞ് ചന്ദ്രനും ക്യാംപിലേക്ക് മാറാന്‍ എത്തി. വീട്ടിലെത്തി ഭാര്യയെയും മകനെയും കൂട്ടി മടങ്ങുന്നതിനിടെയാണു അജിത ആധാര്‍ കാര്‍ഡ് എടുക്കാന്‍ തിരിച്ച് വീട്ടിലേക്ക് കയറുകയായിരുന്നു.
എന്നാല്‍ കാര്‍ഡ് എടുത്ത് അജിത തിരിച്ചിറങ്ങുമ്പോഴേക്കും പച്ചക്കാട് മലയില്‍ ഉരുള്‍പൊട്ടിയിരുന്നു. കാത്തുനില്‍ക്കുന്ന മകനും ഭര്‍ത്താവിനും അരികിലേക്ക് ഓടിയെത്തുമ്പോഴേക്കും അജിതയെ മലവെള്ളം കൊണ്ടുപോവുകയായിരുന്നു. പുത്തുമയില്‍ ഇതിനോടകം 10 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments