Latest NewsKeralaIndia

ഇന്നും കനത്ത മഴക്ക് സാധ്യത, ഒൻപതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്.

തിരുവനന്തപുരം: ശനിയാഴ്ചവരെ കേരളത്തില്‍ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോള്‍ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി മഴപെയ്യുന്നത് പ്രളയദുരിതം രൂക്ഷമാകാനും ഉരുള്‍പൊട്ടലിനും ഇടയാക്കുമെന്ന് ആശങ്കയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിന്റെ ഫലമായി 15 വരെ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷവും ഓഗസ്റ്റ് 14-ഓടെ വീണ്ടും മഴ കനത്തതാണ് പ്രളയത്തിനിടയായത്. 13-ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്.

ഈ ദിവസം ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഇത് വ്യക്തമാവും. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാമെന്നതിനാല്‍ 11 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നു മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 3.2 മുതല്‍ 3.7 മീറ്റര്‍വരെ ഉയരാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button