തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയില്‍ ഇന്ന് മരണം 19 ആയി.
അതേസമയം അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്‍. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ (cwc) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശവുമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. രണ്ടിടത്ത് ഇന്നലെ ഉരുള്‍പൊട്ടി. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വയനാട് പുത്തുമലയില്‍ വന്‍ ദുരന്തവുമുണ്ടായി. പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ നൂറേക്കറിലധികം സ്ഥലം ഒലിച്ചു പോയി. ഇവിടെ ഏഴുപേര്‍ മരിച്ചുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
Post Your Comments