ന്യൂഡല്‍ഹി: അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് സൗഹൃദദിനാശംസകള്‍ നേര്‍ന്ന ഇസ്രായേലിന് ഹീബ്രു ഭാഷയില്‍ ആശംസയറിയിച്ച് മോദി. അനുദിനം ശക്തിപ്പെട്ടു വരുന്ന നമ്മുടെ സൗഹൃദം പുതിയ ഉയരങ്ങളിലേക്കെത്തട്ടെ എന്നാണ് ഇസ്രായേല്‍ എംബസി ട്വീറ്റ് ചെയ്തിരുന്നത്. നരേന്ദ്രമോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പരസ്പരം സൗഹൃദം പങ്കിടുകയും ഹസ്തദാനം നടത്തുകയും ചെയ്യുന്ന വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഷോലെ എന്ന ഹിന്ദി ചിത്രത്തിലെ യേ ദോസ്തീ ഹം നഹീം തോഡേംഗേ എന്ന ഗാനവും വീഡിയോയില്‍ ഉണ്ട്.
ഈ ട്വീറ്റിന് മറുപടിയായാണ് നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തത്. പ്രിയ സൂഹൃത്ത് ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രായേല്‍ ജനതയ്ക്കും സൗഹൃദ ദിനാശംസകള്‍ നേരുന്നുവെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തവും അനശ്വരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ സൗഹൃദം പടര്‍ന്ന് പന്തലിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നെതന്യാഹു-മോദി സൗഹൃദത്തിന്റെ ആഴം ഇസ്രായേല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിഫലിച്ചിരുന്നു.
ബഞ്ചമിന്‍ നെതന്യാഹുവും നരേന്ദ്രമോദിയും ഹസ്തദാനം ചെയ്തു നില്‍ക്കുന്ന പോസ്റ്ററുകള്‍ ഇസ്രായേലില്‍ പതിപ്പിച്ചിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരിക്കുന്ന വ്യക്തിയാണ് നെതന്യാഹു. സെപ്തംബര്‍ മാസം അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കും.
Post Your Comments