അബുദാബി: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ കുടുംബത്തിന് സാന്ത്വനമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. പത്ത് ലക്ഷം രൂപയുടെ സഹായമാണ് കെ.എം ബഷീറിന്റെ കുടുംബത്തിന് എം എ യൂസഫലി പ്രഖ്യാപിച്ചിരിക്കുന്നത്.
ഭാര്യ ജസീലയും മക്കളായ ജന്ന(ആറ്), ആസ്മി (ആറ് മാസം) എന്നിവരും ഉള്‍പ്പെടുന്നതാണ് ബഷീറിന്റെ കുടുംബം. ഇവരുടെ ഭാവിജീവിതത്തിനാണ് ഈ തുക നീക്കി വെക്കുക. ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു. തുക എത്രയും വേഗം ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കേസില്‍ റിമാന്റിലായിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സ്വകാര്യ ആശുപത്രിയില്‍ ഫൈവ് സ്റ്റാര്‍ സൗകര്യത്തോടെയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നെങ്കിലും ശ്രീറാം സ്വന്തം ഇഷ്ടപ്രകാരമാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിന് പോലീസ് ഒത്താശ ചെയ്തു നല്‍കിയെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല, എസി ഡീലക്‌സ് മുറിയാണ് ശ്രീറാമിന് നല്‍കിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നുമുണ്ട്. എംആര്‍എ സ്‌കാന്‍ അടക്കം പരിശോധനകള്‍ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ തന്നെ കഴിയുന്നതെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്. പരിചയക്കാരും സുഹൃത്തുക്കളുമായ ഡോക്ടര്‍മാരാണ് ചികിത്സിക്കാന്‍ ഒപ്പം ഉള്ളത്. ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ശ്രദ്ധേയമായ കാര്യം. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയാത്ത വിധം ഒരു പരുക്കും ശ്രീറാമിന് ഇല്ലെന്നിരിക്കെ ശ്രീറാമിന് വേണ്ടി പൊലീസ് വഴിവിട്ട സഹായം നല്‍കുന്നുണ്ടെന്ന ആരോപണം ഇതോടെ ശക്തമാവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്യമായ പരുക്കൊന്നും ശ്രീറാമിനുള്ളതായി ചികിത്സിച്ച ഒരു ഡോക്ടറും ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
Post Your Comments