ശ്രീനഗർ: വെള്ള പതാകകളുമായി വന്നാൽ അതിർത്തി കടന്ന് നുഴഞ്ഞു കയറിയ അഞ്ച് തീവ്രവാദികളുടെ മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകാമെന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനോട് പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ജമ്മു കശ്മീരിലെ കേരാൻ സെക്ടറിലാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം (BAT) – ലെ അംഗങ്ങൾ, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കവേ കൊല്ലപ്പെട്ടത്. നുഴഞ്ഞു കയറ്റക്കാർ കേരാനിലെ ഒരു ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കാനും ശ്രമിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.
മരിച്ചു കിടക്കുന്ന ബാറ്റ് സംഘത്തിൽപെട്ട തീവ്രവാദികളുടെ ചിത്രങ്ങൾ ഇന്നലെ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു. പാക് സൈനികരും തീവ്രവാദികളും ബോർഡർ ആക്ഷൻ ടീമിലുണ്ടാകും. പാക് സൈനിക പരിശീലന കേന്ദ്രങ്ങളിൽ തീവ്രവാദികളെയും പരിശീലിപ്പിക്കാറുണ്ടെന്ന് ഇന്ത്യ പല തവണ അന്താരാഷ്ട്രവേദികളിലടക്കം ശക്തമായി ഉന്നയിച്ചിട്ടുള്ളതുമാണ്.
അമർനാഥ് യാത്രയ്ക്ക് അടക്കം നേരെ ഭീകരാക്രമണം നടത്താൻ പാക് തീവ്രവാദികൾ ലക്ഷ്യമിട്ടു എന്ന ഇന്റലിജൻസ് വിവരങ്ങളെത്തുടർന്ന്, അമർനാഥ് തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും ഉടനടി ജമ്മു കശ്മീർ വിടാൻ സർക്കാർ നിർദേശിച്ചിരുന്നു. ജമ്മു കശ്മീരിലേക്ക് വൻ സൈനിക വിന്യാസം നടത്തുകയും ചെയ്തു.
Post Your Comments