തിരുവനന്തപുരം : സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ട രാമൻ ഓടിച്ച് കാറിടിച്ച് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര്‍ മരിച്ച സംഭവത്തിൽ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ നിർദേശം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഇക്കാര്യം നിർദേശിച്ചത്. . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ യുവതിയാണെന്നുമുള്ള ശ്രീറാമിന്‍റെ മൊഴി തള്ളിയ പോലീസ് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
രാവിലെ മ്യൂസിയം പോലീസ് തയ്യറാക്കിയ എഫ്ഐആറില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമാണ് ചേർത്തിരുന്നത്. വാഹനം ഓടിച്ചയാളുടെ അശ്രദ്ധ മൂലമുണ്ടായ അപകടം എന്നല്ലാതെ ശ്രീറാമിന്‍റേയോ സുഹൃത്ത് വഫയുടേയോ പേര് പറയുന്നില്ല. കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ശ്രീറാമിനേയും പ്രതി ചേര്‍ക്കും എന്നാണ് സൂചന. രക്തപരിശോധനയില്‍ മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് തെളിഞ്ഞാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185 വകുപ്പ് ചുമത്തിയും കേസ് എടുക്കും.
അതേസമയം ശ്രീറാം വെങ്കിട്ട രാമനെതിരെ വീണ്ടും മൊഴി. അപകടത്തില്‍ പെട്ട ബഷീറിനെ സ്‌കൂട്ടറില്‍ കയറ്റി വിടാന്‍ ശ്രീറാം ശ്രമിച്ചെന്നും, തന്റെ സ്‌കൂട്ടറിലാണ് കയറ്റി വിടാന്‍ ശ്രമിച്ചതെന്നും ദൃക്‌സാക്ഷി ജിത്തു മൊഴി നല്‍കിയിരിക്കുന്നു. ഡ്രൈവർ സീറ്റിൽ ശ്രീറാമായിരുന്നെന്നും ജിത്തും പ്രമുഖ മലയാളം വാർത്ത ചാനലിനോട് പറഞ്ഞു.
Post Your Comments