കണ്ണൂര്‍: എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു. സി.ഒ.ടി നസീര്‍ വധശ്രമക്കേസിൽ ഗൂഢാലോചന നടന്ന കാറാണ് കസ്റ്റഡിയിലെടുത്തത്. എം.എല്‍.എ ബോര്‍ഡ് സ്ഥാപിച്ച കാര്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്. തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു മുമ്പില്‍ വെച്ചും ചോനാടത്തെ കിന്‍ഫ്ര പാര്‍ക്കിന്റെ അടുത്ത് വെച്ചുമാണ് കാറില്‍ ഗൂഢാലോചന നടന്നതെന്ന് കേസില്‍ അറസ്റ്റിലായ പൊട്ടി സന്തോഷ് മൊഴി നല്‍കിയിരുന്നു.
ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഈ വാഹനത്തില്‍ ഷംസീര്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതും വിവാദമായിരുന്നു. കെ.എല്‍ 07 സി.ഡി 6887 നമ്പര്‍ ഇന്നോവയായിരുന്നു യോഗത്തിനെത്തിയത്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നോട്ടീസ് നല്‍കിയ പ്രകാരം കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. ഈ കാറില്‍ വച്ചാണ് സിഒടി നസീറിനെ വധിക്കാനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയത് എന്നാണ് പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
എംഎല്‍എയുടെ സഹായിയും ഡ്രൈവറുമായ രാഗേഷാണ് കാറില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ പൊട്ടി സന്തോഷുമായി പദ്ധതി ആസൂത്രണം ചെയ്തത്.മെയ് 18-ന് രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റെസിഡന്‍സിക്കു സമീപം നസീര്‍ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി എന്‍.കെ രാഗേഷും അറസ്റ്റിലായിരുന്നു.
Post Your Comments