തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. കാലവര്‍ഷം ഇതുവരെ ശക്തിപ്രാപിച്ചിട്ടില്ലെങ്കിലും തുലാവര്‍ഷം വരെ കാത്തിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തുലാവര്‍ഷം ശക്തമായാല്‍ പിടിച്ചു നില്‍ക്കാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. അതുവരെ പുറത്തു നിന്ന് വൈദ്യുതി എത്തിക്കും. വൈദ്യുത നില ശനിയാഴ്ച ബോര്‍ഡ് വീണ്ടും അവലോകനം ചെയ്യുന്നുണ്ട്. കേരളത്തില്‍ കാലവര്‍ഷം പകുതി പിന്നിടുമ്പോള്‍ ഇതുവരെ 32 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ കേരളത്തില്‍ 1363 മിമി മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാല്‍, 933.4 മി.മി മഴ മാത്രമാണ് ലഭിച്ചത്. അതേസമയം, അടുത്ത ആഴ്ചയോടെ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലിയിരുത്തല്‍.
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലവൈദ്യതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നിലയങ്ങളും പവര്‍ എകസ്ചേഞ്ചും പ്രയോജനപ്പെടുത്തിയാണ് ആവശ്യമായ ബാക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. അണക്കെട്ടുകളിലെ ജലനരിപ്പ് താഴുന്ന സാഹചര്യത്തില്‍ ജലവൈദ്യതി പദ്ധതികളിലെ ഉത്പാദനം നിയന്ത്രിക്കും. കൂടാതെ പുറത്തുനിന്ന് കിട്ടാവുന്ന വൈദ്യുതി പരമാവധി ഉപയോഗിക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു.
തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴയുടെ അളവ് കൂടി വലിയിരുത്തിയ ശേഷം ലോഡ് ഷെഡിംഗിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ കാല്‍ ഭാഗം പോലും വെള്ളമില്ലെന്നും ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 20 ശതമാനം മാത്രം വെള്ളമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments