Latest NewsIndia

ഉന്നാവോ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അപകടസമയത്ത് ട്രക്ക് സഞ്ചരിച്ചത് റോഡിന്റെ വലതുവശത്തു കൂടി ആയിരുന്നെന്നും കാറും ട്രക്കും അമിത വേഗത്തിലായിരുന്നുവെന്നും ദൃക്‌സാക്ഷി അര്‍ജുന്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ ലോറിയുടെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടതായും ഇയാള്‍ വ്യക്തമാക്കി.

ഞായറാഴ്ചയാണ് ഉന്നാവ് പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ലോറിയിടിച്ചത്. ഉന്നാവോയിലുള്ള കുടുംബം റായ്ബറേലി ജയിലില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ കാറില്‍ പോകവെയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു.

സിബിഐ അന്വേഷിച്ച പീഡനക്കേസില്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഒരു വര്‍ഷത്തിലേറെയായി ജയിലിലാണ്. എംഎല്‍എയുടെ അനുയായികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതേസമയം, അപകടത്തില്‍ പരുക്കേറ്റ് ലക്‌നൗവിലെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വാരിയെല്ലുകള്‍ക്കു തോളെല്ലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button